ഇലോൺ മസ്കിന് പിന്നാലെ നാസി സല്യൂട്ടുമായി വിവാദത്തിലായി ഡോണാൾഡ് ട്രംപിന്റെ അടുപ്പക്കാരനും വൈറ്റ്ഹൗസിലെ മുൻ ചീഫ് സ്ട്രാറ്റജിസ്റ്റുമായ സ്റ്റീവ് ബാനൻ. വ്യാഴാഴ്ച കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിന്റെ സമാപനത്തോട് അനുബന്ധിച്ച് യോഗത്തിൽ സംസാരിക്കുമ്പോഴാണ് വിവാദ നാസി സല്യൂട്ട് സ്റ്റീവ് ബാനൻ നടത്തിയത്.
ഇതിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നുണ്ട്. റിപ്പബ്ലിക് പാർട്ടിക്ക് അകത്ത് തീവ്ര വലതുപക്ഷ സ്വാധീനം എത്രത്തോളം ഉണ്ട് എന്നതിന്റെ നേർക്കാഴ്ചയാണ് ഇതെന്ന വിമർശനവും ശക്തമായി ഉയർത്തപ്പെടുന്നുണ്ട്. ചർച്ചകളും വാക്പോരുകളും കൊണ്ട് രാഷ്ട്രീയ എതിരാളികൾ ഏറ്റുമുട്ടുകയാണ്.
‘അമേരിക്കയുടെ ഭാവി വീണ്ടും മഹത്തരമാക്കുക ഡോണാൾഡ് ട്രംപ് ആണ്. ഒരു രാജ്യത്തിന്റെ ചരിത്രത്തിൽ ഒറ്റയൊരിക്കൽ മാത്രമേ ട്രംപിനെ പോലെ ഒരാൾ ഉണ്ടാവുകയുള്ളൂ. വി വാണ്ട് ട്രംപ്. വി വാണ്ട് ട്രംപ്’- എന്ന് പറഞ്ഞുകൊണ്ടാണ് സ്റ്റീവ് ബാനൻ നാസി സല്യൂട്ട് നടത്തിയത്.
സമാനമായ രീതിയിൽ നാസി സല്യൂട്ട് നടത്തിയതിന് ആണ് ജനുവരിയിൽ വ്യവസായ പ്രമുഖനും ഡോണാൾഡ് ട്രംപ് അനുയായികളിൽ പ്രധാനിയുമായ ഇലോൺ മസ്ക് കടുത്ത വിമർശനം നേരിട്ടത്. എന്നാൽ താൻ നടത്തിയത് നാസി സല്യൂട്ട് അല്ലെന്നു പറയാൻ അദ്ദേഹം സ്വീകരിച്ച വഴി – എല്ലാവരും ഹിറ്റ്ലറിനെ പോലെ ആക്രമിക്കുന്നു എന്ന പ്രതികരണമായിരുന്നു.








