ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ബോര്‍ഡര്‍-ഗാവസ്‌കര്‍ പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഓസ്‌ട്രേലിയക്കെതിരെ അല്‍പ്പസമയത്തിനകം ഇന്ത്യയിറങ്ങും. ഓസ്‌ട്രേലിയയിലെ അഡ്ലെയ്ഡില്‍ ഇന്ത്യന്‍ സമയം 9.30-നാണ് പിങ്ക് ബോളിലുള്ള ഡേ-നൈറ്റ് മത്സരം. പെര്‍ത്തില്‍നടന്ന ആദ്യടെസ്റ്റില്‍ അത്ഭുതകരമായി തിരിച്ചുവരവ് നടത്തിയ ഇന്ത്യ മിന്നുന്ന ജയം സ്വന്തമാക്കിയിരുന്നു. ആദ്യ ഇന്നിങ്സില്‍ 150 റണ്‍സിന് പുറത്തായിട്ടും രണ്ടാം ഇന്നിങ്സില്‍ ഗംഭീരമായി തിരിച്ചുവരവ് നടത്തി 295 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം മത്സരത്തില്‍ കൂടി ആധികാരികമായ വിജയം കണ്ടെത്താന്‍ ഇന്ത്യ സര്‍വ്വ തന്ത്രങ്ങളും പുറത്തെടുക്കുമ്പോള്‍ ഈ മത്സരം ഏച് വിധേനെയും വിജയിക്കുകയെന്നത് മാത്രമായിരിക്കും ഓസ്‌ട്രേലിയയുടെ ലക്ഷ്യം.
കുഞ്ഞ് പിറന്നതിനാല്‍ ആദ്യടെസ്റ്റില്‍ കളിക്കാന്‍ കഴിയാതിരുന്ന രോഹിത് ശര്‍മ ഇന്ന് ഇറങ്ങും. ശുഭ്മാന്‍ ഗില്ലും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. പെര്‍ത്തില്‍ ഇന്നിങ്‌സ് ഓപ്പണ്‍ചെയ്ത കെ.എല്‍. രാഹുല്‍-യശസ്വി ജയ്സ്വാള്‍ സഖ്യം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്ന ഈ സാഹചര്യത്തില്‍ അഡ്ലെയ്ഡിലും ഇതേ സഖ്യം ഓപ്പണ്‍ചെയ്യുമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യാഴാഴ്ച വ്യക്തമാക്കി. താന്‍ മധ്യനിരയിലേക്ക് മാറുമെന്നും രോഹിത് വ്യക്തമാക്കി. വണ്‍ഡൗണായി ശുഭ്മാന്‍ ഗില്‍ ആയിരിക്കും ക്രീസിലെത്തുക. നാലാമതായി വിരാട് കോലിയും രോഹിത് അഞ്ചാമനാകാനാണ് സാധ്യത. ബോളിങ് നിരയില്‍ നിതീഷ്‌കുമാര്‍ റെഡ്ഡിയും ഹര്‍ഷിത് റാണയും അഡ്‌ലെയ്ഡിലും ഇറങ്ങും. പെര്‍ത്ത് ടെസ്റ്റിലൂടെ അരങ്ങേറ്റം കുറിച്ച നിതീഷ് കുമാര്‍ റെഡ്ഡിയും ഹര്‍ഷിത് റാണയുമാണ് പെര്‍ത്തിലെ വിജയത്തില്‍ പ്രധാനപങ്കുവഹിച്ചത്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരും ബൗളിങ് നിരയില്‍ ഉണ്ടാകും.
അതേ സമയം ഓസ്‌ട്രേലിയന്‍ നിരയില്‍ നിന്ന് ചില പ്രധാന താരങ്ങള്‍ അഡ്‌ലെയ്ഡിലെ പിച്ചില്‍ ഇറങ്ങില്ലെന്ന വിവരങ്ങളുണ്ട്. പരിക്കേറ്റ പേസ് ബൗളര്‍ ജോഷ് ഹേസല്‍വുഡ് പിന്മാറിയത് ഓസ്ട്രേലിയന്‍ ടീമിന് തിരിച്ചടിയാണ്. ഹേസല്‍വുഡിന് പകരക്കാരനായി 35-കാരനായ പേസര്‍ സ്‌കോട്ട് ബോളണ്ടിനെ ടീമില്‍ ഉള്‍പ്പെടുത്തി. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരടങ്ങിയ പേസ് നിരയാണ് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ കരുത്ത്.