![](https://sakhionline.in/wp-content/uploads/2025/01/WhatsApp-Image-2025-01-29-at-12.38.03-AM.jpeg)
ഉണ്ണി മുകുന്ദൻ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രം ചർച്ചയാകുന്നു. ML 2255 എന്ന നമ്പർ പ്ലേറ്റുള്ള സ്കൂട്ടറിൽ ഇരിക്കുന്ന ചിത്രം ഉണ്ണി മുകുന്ദൻ പങ്കുവെച്ചതും, പോസ്റ്റിന്റെ കമന്റ്റ് ബോക്സ് ആരാധകരുടെ സംശയങ്ങളും ഊഹാപോഹങ്ങളും കൊണ്ട് നിറഞ്ഞു. മോഹൻലാലിന്റെ അപ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരിക്കുന്ന ലാമ്പി സ്കൂട്ടറിൽ ആണ് ഉണ്ണി മുകുന്ദൻ ഇരിക്കുന്നത് എന്ന് ആരാധകർ ഉടനടി കണ്ടെത്തി.
അടുത്തിടെ നടൻ മോഹൻലാലുമായി നടത്തിയ കൂടിക്കാഴ്ചയും അതിനോടനുബന്ധിച്ച് പുറത്തു വിട്ട ചിത്രങ്ങളും വൈറൽ ആയിരുന്നു. ഉണ്ണി മുകുന്ദന്റെ 100 കോടി ക്ലബ്ബിലെത്തിയ മാർക്കോയുടെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ എത്തുമോ എന്നതാണ് ആരാധകരുടെ പ്രധാന ചോദ്യം. മാർക്കോക്ക് രണ്ടും മൂന്നും നാലും ഭാഗങ്ങൾ വരും എന്ന് ഉണ്ണി മുകുന്ദൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടാതെ രണ്ടാം ഭാഗത്തേക്കുള്ള ഒരു ടെയ്ൽ എൻഡ് കൂടി മാർക്കോയുടെ എൻഡ് ക്രെഡിറ്റി സീനിൽ ഉണ്ടായിരുന്നു. ചിയാൻ വിക്രം ആവും മാർക്കോ 2 വിൽ വില്ലൻ വേഷം ചെയ്യുന്നത് എന്ന ഫാൻ തിയറികൾ, ഉണ്ണി മുകുന്ദനും പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദും ചേർന്ന് വിക്രവുമായി കൂടിക്കാഴ്ച്ച നടത്തിയ ചിത്രങ്ങൾ പുറത്തു വന്നപ്പോൾ പലരും ഉറപ്പിച്ചു.
ഇപ്പോൾ മോഹൻലാലുമായി ബന്ധപ്പെട്ട സൂചനകൾ ഉണ്ണി മുകുന്ദൻ പങ്കുവച്ചപ്പോൾ, പോസ്റ്റിനു ക്യാപ്‌ഷനായി ‘സംതിങ് സ്പെഷ്യൽ ഈസ് ഓൺ ദി വേ’ എന്ന് കുറിച്ചിരുന്നു. അതിൽ സ്പെഷ്യൽ എന്ന വാക്കിന്റെ L എന്ന അക്ഷരം ക്യാപ്പിറ്റൽ ലെറ്ററിലും കൂടുതൽ കടുപ്പത്തിലും ആണ് കൊടുത്തിരിക്കുന്നത്. എന്നാൽ ഗെറ്റ് സെറ്റ് ബേബി എന്ന ഹാഷ്ടാഗ് ചൂണ്ടിക്കാട്ടി ചില ആരാധകർ പറയുന്നത്, ഉണ്ണി മുകുന്ദന്റെ റിലീസിനൊരുങ്ങുന്ന ചിത്രമായ ഗേറ്റ് സെറ്റ് ബേബി ആശിർവാദ് സിനിമാസ് തിയറ്ററുകളിലെത്തിക്കാൻ ഒരുങ്ങുന്നു എന്നാണ്. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗേറ്റ് സെറ്റ് ബേബി ഫെബ്രുവരി 21ന് തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.