ബിഹാറിൽ ഭർത്താവിനെ ഉപേക്ഷിച്ച് വീട്ടിൽ വായ്പാ തിരിച്ചടവിനായി എത്താറുള്ള ലോൺ ഏജന്റിനെ വിവാഹം കഴിച്ച് യുവതി. ശാരീരികവും മാനസികവുമായ പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ യുവതി ഭർത്താവിനെ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്കെത്തുകയായിരുന്നു.
2022ലാണ് ജാമുയി ജില്ലയിലെ താമസക്കാരനായ നകുൽ ശർമ്മയുമായി ഇന്ദ്ര കുമാരി എന്ന യുവതിയുടെ വിവാഹം കഴിഞ്ഞത്. എന്നാൽ മദ്യപാനിയായ നകുൽ തന്നെ പതിവായി ഉപദ്രവിക്കാറുണ്ടെന്ന് ഇന്ദ്ര പറയുന്നു.
ഈ സമയത്താണ് ഒരു ധനകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പവൻ കുമാർ യാദവ് എന്ന വായ്പാ ഏജന്റിനെ അവർ കണ്ടുമുട്ടിയത്. വായ്പ തിരിച്ചടവ് വാങ്ങാൻ പവൻ അവരുടെ വീട് സന്ദർശിച്ചപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീടുള്ള ഇരുവരുടെയും സൗഹൃദം പ്രണയമായി മാറുകയായിരുന്നു.
അഞ്ച് മാസത്തോളം ഇരുവരും പ്രണയിച്ചു. പിന്നീട്, ഭർത്താവിനെറ വീട്ടിൽ നിന്നും രക്ഷപ്പെട്ട ഇന്ദ്ര അമ്മായിയുടെ വീട്ടിൽ താമസിക്കുകയായിരുന്നു. ഇതിന് പിന്നാലെ വീണ്ടും ജാമുയിയിലേക്ക് എത്തിയ അവർ, ക്ഷേത്രത്തിൽ വച്ച് വിവാഹിതരാവുകയായിരുന്നു. വിവാഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അതേസമയം, വിവാഹത്തെ എതിർത്ത ഇന്ദ്രയുടെ കുടുംബം പവനെതിരെ പൊലീസിൽ പരാതി നൽകി. കുടുംബത്തിന്റെ പരാതിയിൽ പവനെതിെര എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും സ്വന്തം ഇഷ്ടപ്രകാരമാണ് അയാളെ വിവാഹം ചെയ്തതെന്ന് ഇന്ദ്ര പൊലീസിനെ അറിയിക്കുകയായിരുന്നു.








