ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യ-ഓസ്‌ട്രേലി ടീമുകള്‍ക്ക് അനുവദിച്ച പിച്ചിനെ ചൊല്ലി വിവാദം. നെറ്റ് പ്രാക്ടീസ് ചെയ്യാനായി ഇന്ത്യക്ക് അനുവദിച്ചിരിക്കുന്നത് പഴയ പിച്ചുകളാണ് നല്‍കിയിരിക്കുന്നതെന്നാണ് പരാതി. ഇതേ സമയത്ത് തന്നെ ഓസ്‌ട്രേലിയക്ക് അനുവദിച്ച പിച്ചുകള്‍ പുതിയവയാണെന്നും ആരോപണമുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ പിച്ചുകളിലാണ് ടീം ഇന്ത്യ പരിശീലനം നടത്തിയതെന്ന് പറയുന്നു. പ്രാക്ടീസിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്ക് പരിക്കേറ്റത് പിച്ച് മോശമായത് കൊണ്ടാണെന്നും നാലാം ടെസ്റ്റില്‍ അദ്ദേഹത്തിന് കളിക്കാനാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയുടെ ബൗളറായ ആകാശ്ദീപ് വാര്‍ത്താസമ്മേളനത്തില്‍ പിച്ചിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു. പരിശീലിക്കാന്‍ നല്‍കിയ പിച്ചുകള്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിന് വേണ്ടി മാത്രം തയ്യാറാക്കിയതാണെന്നും ബൗണ്‍സ് കുറവാണെന്നും പറഞ്ഞ അദ്ദേഹം പക്ഷേ ഇതില്‍ ആശങ്കകളില്ലെന്നും വ്യക്തമാക്കിയിരുന്നു.
അതേ സമയം പേസ് ബൗണ്‍സ് പിച്ചുകളിലാണ് ഓസ്ട്രേലിയയുടെ പരിശീലനം. താരങ്ങള്‍ പരാതി ഉന്നയിക്കുകയും രോഹിതിന് പരിക്കേല്‍ക്കുകയും ചെയ്തതോടെ ഇന്ന് മുതല്‍ ഇന്ത്യയും പുതിയ പിച്ചുകളില്‍ പരിശീലനം നടത്തുമെന്ന് മെല്‍ബണ്‍ പിച്ച് ക്യൂറേറ്റര്‍ മാറ്റ് പേജ് വ്യകതമാക്കിയിട്ടുണ്ട്. മത്സരത്തിന് മൂന്ന് ദിവസം മുമ്പ് മാത്രമായിരിക്കും പുതിയ പിച്ചുകള്‍ ടീമുകള്‍ക്ക് അനുവദിക്കുകയുള്ളുവെന്നും തിങ്കളാഴ്ച്ച ഇന്ത്യക്ക് പരിശീലനമില്ലായിരുന്നുവെന്നും മാറ്റ് പേജ് വിശദീകരിച്ചു. 26ന് ഇന്ത്യന്‍ സമയം അഞ്ച് മണിക്കാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായുള്ള നാലാം ടെസ്റ്റ് മത്സരം തുടങ്ങുന്നത്.








