
നസ്ലിനെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാനയുടെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. പഞ്ചാര പഞ്ച് എന്ന ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ദാസനാണ്. വിഷ്ണു വിജയ് ഈണമിട്ടിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് സുഹൈൽ കോയയാണ്.
ചിത്രത്തിൽ നസ്ലിന്റെ നായികയായ അനഘ രവിയുടെ ബോക്സിങ് രംഗങ്ങളും അവയുടെ മേക്കിങ് വിഡിയോയുമാണ് ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ പത്തിന് വിഷു റിലീസായി തിയറ്ററുകളിലെത്തുന്ന ചിത്രം ആക്ഷൻ കോമഡി സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്.
പ്ലസ്ടു തോറ്റ ശേഷം കോളേജിൽ അഡ്‌മിഷൻ ലഭിക്കാൻ ഗ്രേസ് മാർക്കിന് വേണ്ടി ബോക്സിങ് കോമ്പറ്റീഷനിൽ പങ്കെടുക്കുന്ന ഒരുപറ്റം ചെറുപ്പക്കാരുടെ കഥയാണ് ആലപ്പുഴ ജിംഖാന പറയുന്നത്. ചിത്രത്തിൽ നസ്ലനും അനഘ രവിയ്ക്കും ഒപ്പം ലുക്ക്മാൻ, ഗണപതി, നോയ്‌ല ഫ്രാൻസി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മമ്മൂട്ടിയുടെ ബസൂക്കയ്ക്കും ബേസിൽ ജോസഫിന്റെ മരണമാസിനുമൊപ്പമാണ് ആലപ്പുഴ ജിംഖാന റിലീസ് ചെയ്യുന്നത്. പലതവണ ആലപ്പുഴ ജിംഖാനയുടെ റിലീസ് തീയതി മാറ്റിവെക്കപ്പെട്ടിരുന്നു. തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്‌മാൻ വീണ്ടും ആക്ഷൻ കോമഡിയുമായി വരുമ്പോൾ ചലച്ചിത്രപ്രേമികൾ പ്രതീക്ഷകളേറെയാണ്.