ഒറ്റ തന്ത’ പ്രയോഗത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തന്തയ്ക്ക് പറയുമ്പോൾ തന്തയുടെ തന്തയ്ക്കാണ് പറയേണ്ടത്, പക്ഷേ താൻ അത് പറയുന്നില്ല. എന്നാൽ രാഷ്ട്രീയത്തിൽ ‘ഒറ്റ തന്ത’ പ്രയോഗത്തിന് മറുപടി ഇല്ലെന്നായിരുന്നു മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മറുപടി. ഇതൊക്കെ സിനിമയിൽ പറ്റും, തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിലെ തന്ത ബിജെപി മാത്രമല്ല, കോൺഗ്രസ് കൂടിയാണെന്നും മന്ത്രി റിയാസ് കൂട്ടിച്ചേർത്തു. വിഷയത്തിൽ അതേ നിലയിലുള്ള മറുപടി വേണ്ടെയെന്നാണ് സിപിഐഎം നിലപാട്. സുരേഷ് ഗോപി പറയുന്നത് മുഖവിലയ്ക്ക് എടുക്കേണ്ടെന്നാണ് തീരുമാനം.
എന്നാൽ തൃശൂര്‍പൂരം കലക്കിയതിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് സുരേഷ് ഗോപി ഒറ്റ തന്ത പരാമര്‍ശം നടത്തിയത്. തൃശൂർപൂരം കലക്കിയതിന്‍റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ ഒറ്റ തന്തക്ക് പിറന്നവരുണ്ടെങ്കിൽ തയ്യാറുണ്ടോ..? എന്നായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം.ആരുടെയും അച്ഛന് വിളിച്ചിട്ടില്ലെന്നും ഇനി വിളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, തൃശൂര്‍ പൂര നഗരിയിലെത്താൻ ആംബുലന്‍സിൽ കയറിയെന്ന് സമ്മതിച്ചിരിക്കുകയാണ് സുരേഷ് ഗോപി. കാലിന് പ്രശ്നമുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകാനാകുമായിരുന്നില്ല. അഞ്ച് കിലോമീറ്റര്‍ കാറിൽ സഞ്ചരിച്ചാണ് സ്ഥലത്ത് എത്തിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരുവന്നൂർ വിഷയമാണെന്നും അത് മറക്കാനുള്ള ശ്രമമാണ് പൂരം കലക്കൽ ആരോപണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. തൃശൂർ പൂരം കലക്കലിൽ എന്ത് വേണമെങ്കിലും ചെയ്യട്ടെ. ആംബുലൻസിൽ വന്നിറങ്ങി എന്ന് പറഞ്ഞ ആളുടെ മൊഴി എടുത്തിട്ടുണ്ടല്ലോ. ആ മൊഴിയിൽ എന്ത് കൊണ്ടാണ് പൊലീസ് കേസ് എടുക്കാത്തതെന്നും സുരേഷ് ഗോപി ചോദിച്ചു.