ലോക കപ്പ് യോഗ്യത റൗണ്ടിലെ മത്സരത്തില്‍ പെറുവിനെതിരെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് വിജയിച്ചതോടെ ബ്രസീല്‍ ക്യമ്പില്‍ ആശ്വാസം. ടീമിന്റെ മോശം പ്രകടനത്തില്‍ പലപ്പോഴും വിമര്‍ശിക്കപ്പെട്ട കോച്ച് ഡോറിവല്‍ ജൂനിയറിനായിരിക്കും തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ ഏറെ ആശ്വാസം പകരുക. ടീമിന്റെ കേളിശൈലിയെ കുറിച്ച് ഏറെ ചോദ്യങ്ങള്‍ ഇദ്ദേഹം നേരിട്ടിട്ടുണ്ട്. എന്നാല്‍ പെറുവിനെതിരെയുള്ള മത്സരത്തില്‍ ബാര്‍സലോന അറ്റാക്കര്‍ റഫീഞ്ഞയുടെ രണ്ട് പെനാല്‍റ്റി ഗോളുകളടക്കം നാല് ഗോളുകള്‍ കണ്ടെത്തി ക്ലീന്‍ഷീറ്റുമായാണ് മഞ്ഞപ്പട മടങ്ങിയത്.
38 ഉം 54 ഉം മിനിറ്റുകളിലായിരുന്നു റഫീഞ്ഞ പെനാല്‍റ്റി ഗോളുകള്‍ നേടി ബ്രസീലിന് ലീഡ് നല്‍കിയത്. 71-ാം മിനിറ്റില്‍ ഫുള്‍ഹാം താരം ആന്‍ഡ്രിയസ് പെരെര ലൂയിസ് ഹെന്റ്‌റികിന്റെ അസിസ്റ്റില്‍ മൂന്നാം ഗോള്‍ നേടി. നാലം ഗോളിലേക്ക് അധിക സമയമെടുത്തില്ല. ഇത്തവണ ലൂയിസ് ഹെന്ററികിന്റെ വകയായിരുന്നു ഗോള്‍. ഇഗോര്‍ ജീസസിന്റെ അസിസ്റ്റില്‍ 74-ാം മിനിറ്റിലായിരുന്നു ബ്രസീലിന്റെ നാലാം ഗോള്‍. മത്സരം ആധികാരിക വിജയത്തിലേക്ക് നീങ്ങുമെന്ന് കണ്ട ഡോറിവല്‍ റഫീഞ്ഞയെയും ഇഗോര്‍ ജീസസിനെയും 78-ാം മിനിറ്റില്‍ പിന്‍വലിച്ചു. എന്‍ട്രിക് ഡിസൂസയും മാത്തേവൂസ് പെരേരെയുമായിരുന്നു പകരക്കാര്‍.
ആദ്യപകുതിയില്‍ ഒരു ഗോള്‍ ലീഡില്‍ തുടരവെ 43-ാം മിനിറ്റില്‍ റോഡ്രിഗോക്ക് സ്‌കോര്‍ ചെയ്യാനുള്ള തുറന്ന അവസരം ലഭിച്ചു. പക്ഷേ അദ്ദേഹത്തിന്റെ ചിപ്പ് പെറു കീപ്പര്‍ പെഡ്രോ ഗെല്ലീസ് പിടിച്ചെടുത്തു. അതേ സമയം ഡോറിവലിന് കാര്യങ്ങള്‍ ഏറെക്കുറെ അനുയോജ്യം എന്നെ പറയാനായിട്ടൊള്ളുവെന്നാണ് ബ്രസീല്‍ ക്യാമ്പില്‍ നിന്ന് പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തുടര്‍ച്ചയായുള്ള രണ്ട് നിര്‍ണായക വിജയങ്ങള്‍ അദ്ദേഹത്തിന് ആശ്വാസം പകരുന്നതാണ്. ഇതുവരെയുള്ള പത്ത് കളികളില്‍ അഞ്ച് വിജയങ്ങളും ഒരു സമനിലയും നാല് പരാജയങ്ങളുടമാണ് ബ്രസീലിനുള്ളത്. 16 പോയിന്റുമായി യോഗ്യത പട്ടികയില്‍ നാലാം സ്ഥാനത്താണ് മഞ്ഞപ്പട.