![](https://sakhionline.in/wp-content/uploads/2025/01/KPCC-Reorganization-begins.jpg)
കോൺഗ്രസ് ബ്ലോക്ക് ജില്ലാ തലങ്ങളിൽ പുനഃസംഘടന ആരംഭിച്ചു. ആദ്യഘട്ടത്തിൽ മുൻകാല യൂത്ത് കോൺഗ്രസ് ഭാരവാഹികളെയാണ് ഡിസിസി കളിലും ബ്ലോക്ക് കമ്മിറ്റികളിലും നിയമിച്ചത്. ഗ്രൂപ്പ് നിർദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിൽ പുനഃസംഘടന തുടരും.
താഴെത്തട്ടിലെ പുനഃസംഘടന പൂർത്തിയായതിനുശേഷം ചില ജില്ലകളിലെ ഡിസിസി അധ്യക്ഷൻ മാരെയും മാറ്റും. അതിനുശേഷം മാത്രമേ സംസ്ഥാനതലത്തിൽ പുനസംഘടനയുണ്ടാവൂ. ഒരുമാസത്തിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കാനാണ് നീക്കം. വലിയ പരാതികൾ ഇല്ലാതെ പുനസംഘടന പൂർത്തിയാക്കിയാൽ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആവുമെന്ന പ്രതീക്ഷയിലാണ് കെ. സുധാകരൻ.
അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നതുമായി ബന്ധപ്പെട്ട കെ.പി.സി.സി പുനഃസംഘടന ചർച്ചകളിൽ കെ. സുധാകരന് അതൃപ്തിയുണ്ടെന്നാണ് വിവരം. തനിക്കെതിരെ ഏകപക്ഷീയ നീക്കങ്ങൾ നടക്കുന്നെന്ന വികാരമാണ് സുധാകരനുള്ളത്. സ്ഥാനത്ത് കടിച്ചുതൂങ്ങാൻ താനില്ലെന്ന് കഴിഞ്ഞദിവസം പ്രതികരിച്ചെങ്കിലും വാക്കുകളിൽ പ്രതിഫലിച്ചത് പ്രതിഷേധമാണ്. ഇക്കാര്യം ഹൈകമാൻഡിനെയും അറിയിച്ചെന്നാണ് വിവരം. സംസ്ഥാനത്തെ പ്രധാന കോൺഗ്രസ് നേതാക്കളുമായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ചർച്ച നടത്തിയതിന് പിന്നാലെയാണ് പുനഃസംഘടനയുടെ പേരിൽ അസ്വസ്ഥത പുകയുന്നത്.