ലോകേഷ് കനഗരാജ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ തുടക്കം എങ്ങനെയായിരുവെന്നതിനുള്ള ഉത്തരവുമായി ഒരു ഷോര്‍ട്ട് ഫിലിം വരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സംവിധായകന്‍ ലോകേഷ് കനഗരാജ് തന്റെ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവച്ചു. കൈതി, വിക്രം, ലിയോ എന്നീ സിനിമകളിലെ കഥയെയും കഥാപാത്രങ്ങളെയും ഒന്നിച്ചു ചേര്‍ത്ത് ലോകേഷ് സൃഷ്ടിച്ച സിനിമാറ്റിക് യൂണിവേഴ്‌സ് ആണ് എല്‍സിയു. എല്‍സിയുവിന് തുടക്കമിട്ട കാര്‍ത്തി ചിത്രം കൈതി റിലീസ് ചെയ്തിട്ട് ഒക്ടോബര്‍ 25 ന് അഞ്ച് വര്‍ഷം പൂര്‍ത്തിയായിരിക്കുന്ന വേളയിലാണ് ഈ ഷോര്‍ട്ട് ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ലോകേഷ് കനഗരാജ് പങ്ക് വെച്ചിരിക്കുന്നത്.
10 മിനുട്ടായിരിക്കും ഷോര്‍ട്ട് ഫിലിമിന്റെ ദൈര്‍ഘ്യം. ഫസ്റ്റ് ലുക്കില്‍ ഉള്ള ‘ചാപ്റ്റര്‍ സീറോ’ എന്ന പേര് ചിത്രത്തിന്റെ താല്‍ക്കാലിക ടൈറ്റില്‍ ആണോ ഒഫീഷ്യല്‍ ടൈറ്റില്‍ ആണോ എന്നതില്‍ വിശദീകരണം വന്നിട്ടില്ല. നടുവില്‍ ‘വണ്‍ ഷോട്ട്, ടൂ സ്റ്റോറീസ്, 24 അവേഴ്‌സ്’ എന്നാണ് ക്യാപ്ഷന്‍ ഇട്ടിരിക്കുന്നത്. പരസ്പരം ചൂണ്ടി മേശപ്പുറത്ത് വട്ടത്തില്‍ നിരത്തി വെച്ചിരിക്കുന്ന തോക്കുകളും അതിന് നടുവില്‍ 7 ബുള്ളറ്റുകളും ഫസ്റ്റ് ലുക്കില്‍ കാണാം. പോസ്റ്ററിന്റെ അടിയിലായി എല്‍സിയുവിന്റെ ഉത്ഭവത്തിനൊരു ആമുഖം എന്നും ചേര്‍ത്തിട്ടുണ്ട്.
നടന്‍ നരേന്‍ മാസങ്ങള്‍ക്ക് മുമ്പേ തന്നെ താനും ചിത്രത്തിന്റെ ഭാഗമാണെന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. കൂടാതെ അര്‍ജുന്‍ ദാസ്, കാളിദാസ് ജയറാം തുടങ്ങിയവരും ചിത്രത്തിലുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവരെ കൂടാതെ എല്‍സിയുവില്‍ ഉള്ള ആരൊക്കെ ചാപ്റ്റര്‍ സീറോയില്‍ പ്രത്യക്ഷപ്പെടും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഷോര്‍ട്ട് ഫിലിമിന്റെ റിലീസ് തീയതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇപ്പോള്‍ രജനികാന്തിന്റെ ‘കൂലി’എന്ന ചിത്രം സംവിധാനം ചെയ്യുന്ന തിരക്കുകളിലാണ് ലോകേഷ് കനഗരാജ്. കൂലി എല്‍സിയുവിന്റെ ഭാഗമായേക്കില്ല എന്ന് ലോകേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.