
കേരളത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന മലയാളസിനിമയായി എമ്പുരാൻ. സംവിധായകൻ പൃഥ്വിരാജ്, മോഹൻലാൽ, നിർമാതാക്കൾ ഉൾപ്പെടെയുള്ളവരാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മഞ്ഞുമ്മൽ ബോയ്സ് 72 ദിവസംകൊണ്ട് നേടിയ കളക്ഷൻ വെറും പത്ത് ദിവസംകൊണ്ട് എമ്പുരാൻ തിരുത്തിയെഴുതിയത്.
മലയാളസിനിമാ വ്യവസായത്തിലെ പുതിയ അടയാളപ്പെടുത്തലായിരിക്കുന്നു ഇത്. മലയാളത്തിൽ ഏറ്റവുംകൂടുതൽ കളക്ഷൻ ലഭിച്ച ചിത്രമായി എമ്പുരാൻ ആധിപത്യം ഉറപ്പിച്ചിരിക്കുന്നു. ഈ നിമിഷം ഞങ്ങളുടേത് മാത്രമല്ല, നിങ്ങളുടേതുംകൂടിയാണ്. തീയറ്ററുകളിൽ പ്രതിധ്വനിച്ച നിങ്ങളുടെ ഓരോ ഹൃദയമിടിപ്പിനും ആഹ്ളാദ നിമിഷങ്ങൾക്കും കണ്ണീരിനുംകൂടിയാണ്’. പൃഥ്വിരാജ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. പുതിയ പോസ്റ്റർ പങ്കുവെച്ചാണ് പുതിയ നേട്ടത്തേക്കുറിച്ച് അവർ സന്തോഷം പ്രകടിപ്പിച്ചത്.
ചിത്രത്തിന്റെ ആഗോള ബോക്സോഫീസ് കളക്ഷൻ 250 കോടി പിന്നിട്ടെന്നാണ് റിപ്പോർട്ട്. ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ നിർമാതാവിനു കിട്ടുന്ന ഷെയർ തുക 100 കോടി പിന്നിട്ടുവെന്ന് കഴിഞ്ഞദിവസം അണിയറക്കാർ വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു സിനിമയ്ക്കു 100 കോടി ഷെയർ ലഭിക്കുന്നതെന്നും അണിയറക്കാർ പറഞ്ഞു. സിനിമയുടെ ആഗോള ഷെയർ കളക്ഷനാണിത്.