ടീം ഇന്ത്യയുടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് കരുത്തേകാന്‍ രണ്ട് മലയാളി താരങ്ങള്‍. വയനാട്ടുകാരി സജന സജീവനും തിരുവനന്തപുരം സ്വദേശി ആശ ശോഭനയും ലോകകപ്പിനുള്ള ഇന്ത്യയുടെ പതിനഞ്ചംഗ ടീമില്‍ ഇടം നേടി. ലോകകപ്പ് ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളി വനിതകളെന്ന ചരിത്രനേട്ടം ഇനി സജനയ്ക്കും ആശയ്ക്കും സ്വന്തം.
ടീമില്‍ ഇടംനേടിയ സന്തോഷം ആശ ആദ്യമായി പങ്കുവച്ചത് ട്വന്റി ഫോറിലൂടെയാണ്. ലോകകപ്പ് ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചതില്‍ വളരെ സന്തോഷം. കൂടെ മലയാളി താരമായ സജ്‌നയുമുണ്ടായതില്‍ ഏറെ സന്തോഷം. എല്ലാവരുടെയും പ്രാര്‍ത്ഥന വേണം. ലോകകപ്പില്‍ ഇന്ത്യ ജയിക്കണമെന്നതാണ് ഏറ്റവും വലിയ സ്വപ്‌നം – ആശ പറഞ്ഞു.
ഹര്‍മന്‍പ്രീത് കൌര്‍ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥനയാണ്. ഷെഫാലി വര്‍മ്മ, ദീപ്തി ശര്‍മ, ജെമീമ റൊഡ്രീഗ്‌സ്, റിച്ച ഘോഷ്, യസ്തിക ഭാട്ടിയ, പൂജ വസ്ത്രാക്കര്‍, രേണുക സിംഗ് താക്കൂര്‍, അരുന്ധതി റെഡ്ഢി, ദയാലന്‍ ഹേമലത,രാധാ യാദവ്, ശേയങ്ക പാട്ടീല്‍ എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍.
ഒക്ടോബര്‍ മൂന്ന് മുതല്‍ യുഎഇയില്‍ വച്ചാണ് ലോകകപ്പ്. നാലിന് ന്യൂസിലന്‍ഡിന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആറിന് പാകിസ്ഥാനെയും ഒന്‍പതിന് ശ്രീലങ്കയേയും പതിമൂന്നിന് നിലവിലെ ചാംപ്യന്മാരായ ഓസ്‌ട്രേലിയയേയും ഇന്ത്യ നേരിടും. ബംഗ്ലാദേശിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ മൂലം ടൂര്‍ണമെന്റ് യുഎഇയിലേക്ക് മാറ്റുകയായിരുന്നു.
asha shobhana and sajna sajeevan in t2