അഫ്ഗാനിസ്താനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും ബിസിനസുകാര്‍ക്കും വിസ അനുവദിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായി താലിബാന്‍. ഇന്ത്യന്‍ പ്രതിനിധികളുമായി നടത്തിയ ആദ്യത്തെ ഉന്നതതല യോഗത്തിനുശേഷമാണ് താലിബാന്‍ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. അഫ്ഗാനില്‍ നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കണമെന്ന അപേക്ഷ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയ്ക്ക് മുന്നില്‍ വച്ചതായി അഫ്ഗാനിസ്താന്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖി എക്‌സിലൂടെ അറിയിച്ചു. (Grant visa to Afghan students Taliban urge India)
നിലവില്‍ അഫ്ഗാനില്‍ നിന്നുള്ളവര്‍ക്ക് വിസ ലഭിക്കാന്‍ വളരെയേറെ ബുദ്ധിമുട്ടാണ്. ഇതിന് മൂന്ന് കാരണങ്ങളാണുള്ളത്. ഒന്നാമതായി താലിബാന്‍ നിയന്ത്രണത്തിലുള്ള ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി ഇുതവരെ അംഗീകരിച്ചിട്ടില്ല. അഫ്ഗാനില്‍ നിന്നുള്ള വിസ അപേക്ഷകള്‍ സുരക്ഷാ ഭീഷണിയായിട്ടാണ് നിലവില്‍ ഇന്ത്യ കണക്കാക്കുന്നത്. മൂന്നാമതായി അഫ്ഗാനിസ്താനില്‍ ഇപ്പോള്‍ ഇന്ത്യയ്ക്ക് കോണ്‍സുലേറ്റോ കാബുളില്‍ ഇന്ത്യന്‍ എം ബസിയോ ഇല്ല. എന്നാല്‍ ഈ നയങ്ങളില്‍ കുറച്ചുകൂടി അയവുവരുത്തി വിസ കുറച്ചുകൂടി എളുപ്പത്തില്‍ ലഭ്യമാക്കണമെന്നാണ് താലിബാന്റെ ആവശ്യം.ഇന്ത്യയിലേക്കെത്തുന്ന അഫ്ഗാനികളില്‍ നിന്ന് ഒരു ഭീഷണിയുമുണ്ടാകില്ലെന്ന് ഇന്ത്യയ്ക്ക് താലിബാന്‍ പ്രതിനിധികള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. 2021 ഓഗസ്റ്റില്‍ രാജ്യം താലിബാന്‍ ഏറ്റെടുത്തതിന് ശേഷം അഫ്ഗാനികള്‍ക്ക് വിസ നല്‍കുന്നതില്‍ ഇന്ത്യ വളരെ കര്‍ശനമായിരുന്നു. താലിബാന്റെ ആവശ്യം ഇന്ത്യ അംഗീകരിക്കുമോ എന്നത് അതീവ നിര്‍ണായകമാണ്.