ചെന്നൈ ദൂരദര്‍ശന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റേയും ഹിന്ദി ദിനാചരണത്തിന്റേയും ഭാഗമായി തമിഴ് നാടിന്റെ ഔദ്യോഗിക ഗാനം ആലപിച്ചതില്‍ ദ്രാവിഡ എന്ന വാക്ക് ഒഴിവാക്കിയതിനെതിരെ വിമര്‍ശനവുമായി കമല്‍ഹാസന്‍. വിഷയത്തെച്ചൊല്ലി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഗവര്‍ണര്‍ ആര്‍ എന്‍ രവിയും തമ്മില്‍ പോര് മുറുകുന്നതിനിടെ എക്‌സിലൂടെയാണ് കമല്‍ഹാസന്‍ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്. രാഷ്ട്രീയം കണ്ട് ദ്രാവിഡ എന്ന വാക്ക് ഒഴിവാക്കിയത് തമിഴ്‌നാടിനോടുള്ള അപമാനമാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ദ്രാവിഡന് ദേശീയഗാനത്തില്‍ വരെ സ്ഥാനമുണ്ട്. ഗവര്‍ണര്‍ വെറുപ്പ് തുപ്പിയാല്‍ തമിഴര്‍ തീ തുപ്പുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ( kamalhaasan slams tamilnadu governor rn ravi)
ദേശീയ ഗാനത്തില്‍ വരെ ദ്രാവിഡ എന്ന വാക്കിന് സ്ഥാനമുണ്ടെന്ന് കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി. ദ്രാവിഡര്‍ രാജ്യത്തിന്റെ അഭിമാനമാണ്. രാജ്യത്തെ തന്നെ ഏറ്റവും പുരാതനമായ ഭാഷയാണ് തമിഴ്. രാഷ്ട്രീയത്തിന്റെ പേരില്‍ ദ്രാവിഡ എന്നത് ഒഴിവാക്കുന്നത് തമിഴ്‌നാടിനേയും നിയമത്തേയും തമിഴ് ജനതയേയും അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
സംഭവത്തില്‍ ദൂര്‍ദര്‍ശന്‍ തമിഴ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ തമിഴ്‌നാടിന്റെ ഔദ്യാഗിക ഗാനത്തിലെ ദ്രാവിഡ എന്ന പദം ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. ഹിന്ദി മാസാചരണ പരിപാടിയും ചെന്നൈ ദൂരദര്‍ശന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷവും ഒരുമിച്ച് ആക്കിയതില്‍ പ്രതിഷേധിച്ച് സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു.
പരിപാടിയില്‍ തമിഴ്‌നാടിന്റെ ഔദ്യാഗിക ഗാനമായ തമിഴ് തായ് വാഴ്ത്തില്‍ നിന്ന് ദ്രാവിഡ എന്ന പദം ഒഴിവാക്കിയെന്നാണ് സ്റ്റാലിന്റെ ആരോപണം. രാജ്യത്തിന്റെ ഐക്യത്തിന് എതിര് നില്‍ക്കുന്ന ഗവര്‍ണറെ കേന്ദ്രം തിരികെ വിളിക്കണമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ വേണ്ടവിധത്തില്‍ ബഹുമാനിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇന്ത്യന്‍ ഭരണഘടന ഹിന്ദി ഉള്‍പ്പെടെ ഒരു ഭാഷയും ദേശീയ ഭാഷയായി കണക്കാക്കുന്നില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഇത്തരം പരിപാടികള്‍ നടത്തണമെന്ന് നിര്‍ബന്ധമാണെങ്കില്‍ പ്രാദേശിക ഭാഷകളെ സമാന പ്രാധാന്യത്തോടെ ഉയര്‍ത്തിക്കാട്ടുന്ന പരിപാടികളും ആസൂത്രണം ചെയ്യേണ്ടതാണെന്നും സ്റ്റാലിന്‍ കത്തില്‍ സൂചിപ്പിച്ചു.