ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും രാജ്ഭവനിൽ ഹാജരാകില്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ ഗവർണർ വിളിച്ചുവരുത്തിയത് ഭരണഘടനാപരമായ തെറ്റാണെന്നും ഗവർണർക്ക് അതിനുള്ള അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കത്തയച്ചത്.
മലപ്പുറം പരാമർശം വിശദീകരിക്കാൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബും ഇന്ന് വൈകുന്നേരം നാലിന് രാജ്ഭവനിലെത്തണമെന്നായിരുന്നു ഗവർണറുടെ നിർദേശം.
മലപ്പുറത്തെ സ്വർണ്ണക്കടത്ത്, ഹവാല ഇടപാടുകളിലെ പണം ദേശ ദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന പരാമർശം ആണ് ഗവർണർ ഇടപെടാൻ ഇടയാക്കിയത്. ഇത്തരം സംഭവങ്ങളിലെ കേസുകളുടെ എണ്ണം അടക്കം വിശദീകരിക്കുന്നതിനോടൊപ്പം പി വി അൻവർ ഉന്നയിച്ച ഫോൺ ചോർത്തലിന്റെ വിശദാംശങ്ങളും ആവശ്യപ്പെട്ടിരുന്നു. മലപ്പുറം പരാമർശത്തിൽ നേരത്തെ മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ചിരുന്നെങ്കിലുംഇതുവരെ മറുപടി നൽകിയിരുന്നില്ല.