
‘കങ്കുവ’ സിനിമയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംവിധായകൻ ശിവ. ചെന്നൈയിൽ ചിത്രത്തിന്റെ ആദ്യ ഷോ കാണാൻ തിയറ്ററിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സംവിധായകൻ. വമ്പന്‍ റിലീസായി ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ‘കങ്കുവ’യെ കേരളത്തിലെ തിയേറ്ററുകളിലെത്തിച്ചത്.
‘കേരളത്തില്‍ നിന്ന് മികച്ച പ്രതികരണമാണെന്നും ആളുകൾ വിളിച്ച് നല്ല അഭിപ്രായമാണ് പറയുന്നതെന്നും ശിവ വ്യക്തമാക്കി. അവസാനം കങ്കുവ തീയറ്ററുകളിൽ എത്തിയിരിക്കുന്നു. ഒത്തിരി സന്തോഷത്തിലാണുള്ളത്. അമേരിക്കയിൽ നിന്നും സിനിമ കണ്ടിറങ്ങിയ സ്നേഹിതർ ഇപ്പോള്‍ വിളിച്ചിരുന്നു. അതി ഗംഭീര വിജയമാകും സിനിമയെന്നാണ് അവർ പറയുന്നത്. ഇപ്പോഴാണ് പൂർണ തൃപ്തിയായത്. വളരെ സന്തോഷത്തിലും ആകാംക്ഷയിലുമാണ് ഞാനുള്ളത്.’ – ശിവയുടെ വാക്കുകള്‍.
രണ്ട് മണിക്കൂർ 34 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈർഘ്യം. രണ്ട് കാലഘട്ടങ്ങളിലായി കഥ പറയുന്ന സിനിമയിൽ ആദ്യ 20 മിനിറ്റിലാണ് പുതിയ കാലത്തെ സൂര്യ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. സ്‌റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷൻസിന്‍റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. 350 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹാരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. 1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നത്.