
ആ ദിവസം നേരം പുലര്‍ന്നുടന്‍ ഇരുള്‍ പരന്നെന്നാണ് പൂക്കോട് വെറ്റിനറി കോളജില്‍ ക്രൂരമായ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ ഒരു വര്‍ഷം മുന്‍പുള്ള ഇതേ ദിവസത്തെക്കുറിച്ച് പറഞ്ഞത്. സിദ്ധാര്‍ത്ഥന്‍ നേരിട്ട പൈശാചിക റാഗിംഗ് അവസാനത്തേതാകട്ടെ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ച ആ അച്ഛനും അമ്മയ്ക്കും ഈ വര്‍ഷം വീണ്ടും നിരവധി റാഗിംഗ് സംഭവങ്ങളുടെ വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വന്നു. മകന്‍ മരിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാരില്‍ നിന്ന് നീതി കിട്ടിയില്ലെന്നും ഇനി ഒരേയൊരു പ്രതീക്ഷ കോടതി മാത്രമാണെന്നും കണ്ണീരുണങ്ങാത്ത കണ്ണുകളോടെ ഷീബയും ജയപ്രകാശും ഇന്ന് ട്വന്റിഫോറിനോട് പറഞ്ഞു. കോളജില്‍ നിന്നുപോലും ആരും തിരിഞ്ഞുനോക്കാത്ത, നീതി അകലയെന്ന് വീണ്ടും വീണ്ടും തോന്നിപ്പിച്ച, റാഗിംഗ് വാര്‍ത്തകള്‍ കേട്ട് മനസുകലങ്ങിയ ദിവസങ്ങളാണ് സിദ്ധാര്‍ത്ഥനില്ലാത്ത ഒരു വര്‍ഷക്കാലത്തെക്കുറിച്ച് അവര്‍ക്ക് ഓര്‍ത്തെടുക്കാനുള്ളത്. ( J sidharthan’s parents against government)
സിദ്ധാര്‍ത്ഥന്റെ മരണം കഴിഞ്ഞ് ഒരു വര്‍ഷം പോലും തികയും മുന്‍പ് പ്രതികള്‍ക്ക് പരീക്ഷ എഴുതാനെത്താനുള്ള ധൈര്യം എവിടുന്നുണ്ടായെന്ന് ചിന്തിക്കേണ്ടതാണെന്ന് സിദ്ധാര്‍ത്ഥന്റെ അമ്മ പറഞ്ഞു. സംഭവം നടന്നുടന്‍ വിളിച്ച വിദ്യാര്‍ത്ഥികള്‍ പോലും ഇപ്പോള്‍ തങ്ങളെ ബന്ധപ്പെടുന്നില്ല. ഒരു പക്ഷേ അവരും ഭയന്നിട്ടുണ്ടാകാമെന്നും ഷീബ കൂട്ടിച്ചേര്‍ത്തു. കോട്ടയത്തെ ക്രൂരമായ റാഗിംഗിനെക്കുറിച്ചുവന്ന വാര്‍ത്തകള്‍ തങ്ങളെ വേദനിപ്പിച്ചെന്നും സിദ്ധാര്‍ത്ഥന്റെ അമ്മ പറഞ്ഞു.
സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ആവര്‍ത്തിച്ചു. സിദ്ധാര്‍ത്ഥന്റേത് ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വായിക്കുന്ന ഏതൊരാള്‍ക്കും അത് മനസിലാകും. കൊലപാതകികള്‍ക്ക് ലഭിക്കുന്ന അതേശിക്ഷ ഈ പ്രതികള്‍ക്ക് ലഭിച്ചാലേ നീതി കിട്ടിയെന്ന് താന്‍ പറയൂ. താന്‍ ഈ അവസരത്തില്‍ ആരേയും കുറ്റം പറയാനില്ലെന്നും നീതിയ്ക്കായി കാത്തിരിക്കുന്നുവെന്നും സിദ്ധാര്‍ത്ഥന്‍രെ അച്ഛന്‍ പറഞ്ഞു.