ഇന്ന് മഹാനവമി. നവരാത്രിയുടെ ഒന്‍പാതം ദിവസമാണ് മഹാനവമിയായി ആഘോഷിക്കുന്നത്. ദുര്‍ഗ്ഗയായി അവതരിച്ച പാര്‍വതീദേവി 9 ദിവസം യുദ്ധം ചെയ്ത് ഒടുവില്‍ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി എന്നാണ് വിശ്വാസം. നാളെ ആദിപരാശക്തി സരസ്വതിദേവിയായി മാറുന്ന വിജയദജശമി നാളിലാണ് കുട്ടികള്‍ വിദ്യാരംഭം കുറിച്ച് അക്ഷര ലോകത്തേക്ക് പ്രവേശിക്കുന്നത്. (Navaratri pooja Mahanavami today updates)
നാളത്തെ എഴുത്തിനിരുത്തിനായി സാംസ്‌കാരിക കേന്ദ്രങ്ങളും ക്ഷേത്രങ്ങളും ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ സ്മരണയില്‍ പതിവുപോലെ ആദ്യാക്ഷര മധുരം പകരാന്‍ തുഞ്ചന്‍പറമ്പ് ഒരുങ്ങിക്കഴിഞ്ഞു. നാളെ അതിരാവിലെ മുതല്‍ ഹരിശ്രീ കുറിക്കാന്‍ ആയിരക്കണക്കിന് കുരുന്നുകള്‍ ഒഴുകിയെത്തും. തുഞ്ചന്‍ സ്മാരക മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലും വെച്ചാണ് ചടങ്ങുകള്‍. പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രവും വിദ്യാരംഭത്തിനൊരുങ്ങി. ഇത്തവണ ആദ്യാക്ഷരം കുറിക്കാന്‍ 20,000ത്തോളം കുരുന്നുകളാണ് എത്തുന്നത്. നവരാത്രി ആഘോഷ നിറവിലാണ് ക്ഷേത്രം. പുലര്‍ച്ചെ നാല് മണിയോടെ സരസ്വതി നടയില്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. 36 ആചാര്യന്മാരാണ് കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിക്കുക. തന്ത്രിമുഖ്യന്‍ പെരിഞ്ഞേരിമന വാസു ദേവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.