തിരുവനന്തപുരത്തെ കോടികളുടെ ഹണി ട്രാപ്പ് കേസില്‍ വിശദമായ അന്വേഷണത്തിനു പൊലീസ്. കുട്ടി ഉണ്ടായത് കുടുംബത്തെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ഹൈദരാബാദ് സ്വദേശിയായ വ്യവസായിയില്‍ നിന്നും അഞ്ചു കോടിയോളം തട്ടിയെടുത്ത കേസിലാണ് റോഷ്നി രാജനെ കുറിച്ച് വിശദമായി അന്വേഷിക്കാനുള്ള പൊലീസ് നീക്കം. വ്യവസായി വിജയകുമാര്‍ താന്‍ വിവാഹം കഴിച്ച ആളാണെന്നും ബിസിനസ് പങ്കാളിയാണെന്നുമുള്ള വിശദീകരണവുമായി റോഷ്നി രംഗത്തെത്തിയിരുന്നു. ചിത്രങ്ങള്‍ ഉള്‍പ്പടെ പങ്ക് വെച്ചാണ് റോഷ്നി രാജന്റെ നീക്കം.
ഹൈദരാബാദ് സ്വദേശിയായ വ്യവസായി വിജയകുമാറിന്റെ ഭാര്യയുടെ പരാതിയിലായിരുന്നു വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു അന്വേഷണം നടത്തിയത്. നെയ്യാറ്റിന്‍കര സ്വദേശി റോഷ്നി രാജനെ അറസ്റ്റ് ചെയ്യുകയും മജിസ്ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. കുട്ടി ഉണ്ടായെന്നു പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തി കോടികള്‍ തട്ടിയതെന്നായിരുന്നു പൊലീസ് കേസ്.
2023ല്‍ വ്യവസായിയുടെ കമ്പനിയുടെ വാര്‍ഷിക ലാഭം തട്ടിയെടുത്തു. 1,80,00000 തൃപ്പുണ്ണിത്തുറയില്‍ ഫ്‌ലാറ്റ് വാങ്ങിപ്പിച്ചു. 2024ല്‍ 1,30,00000 ചിലവഴിച്ചു മലയിന്‍കീഴില്‍ ഭൂമി വാങ്ങിപ്പിച്ചു. 45 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്തെന്നും എഫ്‌ഐആറില്‍ പറഞ്ഞിരുന്നു. എന്നാല്‍, സംഭവം ചര്‍ച്ചയായതിനു പിന്നാലെ റോഷ്നി രാജന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി.
ജര്‍മ്മന്‍ ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തില്‍ വിജയകുമാറും താനും ഓഹരി ഉടമകളാണ്. കുഞ്ഞിനൊപ്പമുള്ള ഇരുവരുടെയും ചിത്രങ്ങളും വിവാഹ ഫോട്ടോകളും റോഷ്നി പങ്കു വെച്ചിട്ടുണ്ട്. സംഭവത്തില്‍ പരാതിക്കാര്‍ കൈമാറിയ ഭീഷണി ശബ്ദരേഖകള്‍ ഉള്‍പ്പടെ പൊലീസ് വിശദമായി പരിശോധിക്കും.







