കോഴിക്കോട് ജില്ലയിൽ 13 സീറ്റുകളും എൽഡിഎഫിന് ലഭിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ്. ബേപ്പൂർ സ്ഥാനാർഥിയായ പി എ മുഹമ്മദ് റിയാസിന് ആയിരിക്കും ജില്ലയിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം. സ്ട്രോങ്ങ് റൂം വിവാദം യുഡിഫ് അനാവശ്യമായി ഉണ്ടാക്കിയത്. കഴിഞ്ഞ തവണത്തെക്കാൾ സീറ്റുകൾ വർദ്ധിപ്പിച്ച് മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്നും മെഹബൂബ് പറഞ്ഞു.
വലിയ പ്രതീക്ഷയിലാണ് എൽഡിഎഫെന്നും വീണ്ടും അധികാരത്തിൽ വരുമെന്ന് മെഹബൂബ് പറഞ്ഞു. പേരാമ്പ്രയിൽ ടിപി കൃഷ്ണനും നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അതിൽ സംശയമില്ലെന്നും അദേഹം പറഞ്ഞു. സ്‌ട്രോങ് വിവാദം അനാവശ്യമായിരുന്നുവെന്ന് അദേഹം കൂട്ടിച്ചേർത്തു. മെറ്റീരിയൽ റൂമായിരുന്നു തുറന്നത്. അത് തുറക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥിയുടെ ഭർത്താവ് ഉണ്ടായിരുന്നു. അതിന്റെ പേരിൽ കോൺഗ്രസ് ഉണ്ടാക്കിയ പ്രചാരണം പൊളിഞ്ഞ് ഇളിഭ്യരായി തിരികെ പോയി. കോൺഗ്രസ് ഉണ്ടാക്കിയ കോലാഹലവും പ്രചാരണവും വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും എം മെഹബൂബ് പറഞ്ഞു.
അതേസമയം എക്സിറ്റ് പോൾ ഫലങ്ങൾ എതിരായത് ഇടത് മുന്നണി നേതൃത്വത്തെ നിരാശരാക്കിയിട്ടുണ്ട്. എക്സിറ്റ് പോൾ ഫലങ്ങൾ കണക്കിലെടുക്കുന്നില്ലെന്നും മുന്നണി തുടർഭരണം നേടുമെന്നുമാണ് നേതാക്കളുടെ പ്രതീക്ഷ. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം വിജയം പ്രവചിച്ചതോടെ സംസ്ഥാനത്ത് ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. പുറത്ത് വന്ന 9 സർവേ ഫലങ്ങളിൽ അഞ്ചിലും എൻ.ഡി.എ സീറ്റ് നേടുമെന്ന് പ്രവചിച്ചിരിക്കുന്നത് ബിജെപിയുടെയും ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.






