നയതന്ത്ര നീക്കത്തിലൂടെ കിഴക്കന്‍ ലഡാക്കിലെ എല്‍എസിയിലെ (യഥാര്‍ത്ഥ നിയന്ത്രണ രേഖ) തര്‍ക്കം അവസാനിപ്പിക്കാന്‍ ഇന്ത്യയും ചൈനയും കരാറില്‍ ഒപ്പ് വെച്ചതിന് ശേഷം ചൈനയില്‍ ആദ്യ ഇന്ത്യന്‍ സിനിമ റിലീസ് ആയി. തമിഴ് ചിത്രം മഹാരാജയാണ് ചൈനയില്‍ പ്രദര്‍ശനത്തിനെത്തിയത്. രണ്ട് ദിവസം കൊണ്ട് ചൈനീസ് ബോക്‌സ് ഓഫീസില്‍ 19.30 കോടി നേട്ടം ‘മഹാരാജ’ കൈവരിച്ചു.
നിതിലന്‍ സാമിനാഥന്റെ സംവിധാനത്തില്‍ വിജയ് സേതുപതി, അനുരാഗ് കശ്യപ്, അഭിരാമി, മംമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ചൈനയില്‍ മികച്ച പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്.നവംബര്‍ 23ന് ചിത്രം പ്രിവ്യൂ ഷോയായി ചൈനയില്‍ പ്രദര്‍ശം തുടങ്ങി. ഈ പ്രിവ്യൂകള്‍ നവംബര്‍ 28 വരെ വരെ നടന്നു. ഈ കാലയളവില്‍ ഏതാണ്ട് 5.41 കോടി രൂപ ചിത്രം നേടി. നവംബര്‍ 29 നാണ് ചൈനയില്‍ 40,000 സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്തത്.
ആദ്യദിനത്തില്‍ ചൈനയില്‍ 4.60 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. എന്നാല്‍ രണ്ടാം ദിനം ആയപ്പോഴേക്കും ഈ കളക്ഷന്‍ 9.30 കോടിയായി ഉയര്‍ന്നു. ഇന്ത്യന്‍ സിനിമകള്‍ക്ക് ചൈനീസ് മാര്‍ക്കറ്റില്‍ എപ്പോഴും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മുന്‍കാലങ്ങളില്‍ 3 ഇഡിയറ്റ്‌സ്, ദംഗല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങള്‍ ചൈനീസ് ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
മഹാരാജ ചിത്രത്തിന്റെ ഈ വിജയം ഇന്ത്യന്‍ സിനിമയ്ക്കും ഇന്ത്യ – ചൈന ബന്ധത്തിനും ഒരു പുതിയ അധ്യായം തുറക്കുന്നതായി കണക്കാക്കപ്പെടുന്നു. ചൈനയില്‍ ഇത്രയും സ്വീകാര്യത നേടിയ ആദ്യത്തെ തമിഴ് ചിത്രമാണ് മഹാരാജ. 20 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം ഇതിനകം ലോകമെമ്പാടുമായി 125.38 കോടി രൂപയുടെ വരുമാനംനേടിയിട്ടുണ്ട്.