താനും ആരതിയും ഉടനെ തന്നെ വിവാഹം കഴിക്കുമെന്നും റോബിന്‍.
ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും. ബിഗ് ബോസ് താരമായ റോബിനും നടിയും സംരംഭകയുമായ ആരതിയും കണ്ടുമുട്ടുന്നത് ഒരു അഭിമുഖത്തിന് ഇടയിലാണ്. ആ സൗഹൃദം അധികം വൈകാതെ പ്രണയത്തിലേക്കും വിവാഹ നിശ്ചയത്തിലേക്കും എത്തുകയായിരുന്നു. ഇന്ന് ആരാധകരുടെ പ്രിയപ്പെട്ടവരാണ് ഇരുവരും. സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങള്‍.
ഇപ്പോഴിതാ ജാങ്കോ സ്‌പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങള്‍ പിരിഞ്ഞുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയാണ് റോബിന്‍. ”ഞങ്ങള്‍ അതിനോടൊന്നും പ്രതികരിക്കാന്‍ പോയില്ല. ആരതി ഇവിടെ തന്നെ ഇരിപ്പുണ്ട്. അതോടെ ആ സംശയം തീര്‍ന്നുവല്ലോ. ആളുകള്‍ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും. നമ്മള്‍ അതിനൊന്നും മറുപടി കൊടുക്കാന്‍ പോകേണ്ടതില്ല. ഞങ്ങള്‍ കല്യാണം കഴിക്കാന്‍ പോവുകയാണ്. എന്തുകൊണ്ടായിരിക്കാം അത്? വ്യക്തിപരമായ എല്ലാ കാര്യങ്ങളും മനസിലാക്കി അടുത്ത ഘട്ടത്തിലേക്ക് കടക്കാം എന്നുള്ളതു കൊണ്ടായിരിക്കാമല്ലോ” എന്നാണ് റോബിന്‍ പറയുന്നത്.
”സ്വന്തമായി കരിയറുണ്ടാക്കിയെടുത്ത, വ്യക്തിത്വമുള്ള ആളാണ് ആരതി. ഞാന്‍ വേണോ വേണ്ടയോ എന്ന് അവര്‍ക്ക് തീരുമാനിക്കാം. എന്തെങ്കിലും നല്ലത് കണ്ടതുകൊണ്ടാകുമല്ലോ എന്നെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചത്. അല്ലാതെ ആരും കൊങ്ങയ്ക്ക് പിടിച്ച് കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതല്ല. പിരിയിപ്പിക്കാന്‍ ആളുകള്‍ ഒരുപാട് പേര് ശ്രമിക്കുന്നുണ്ട്. പക്ഷെ അതിനെയൊന്നും ഗൗനിക്കുന്നില്ല. അതിനെയൊക്കെ ഗൗനിക്കാന്‍ പോയാല്‍ നമ്മുടെ സമയം വെറുതേ പോകും എന്നേയുള്ളൂ. ഞങ്ങള്‍ രണ്ടു പേരും ഇപ്പോള്‍ സന്തുഷ്ടരാണ്. ഞങ്ങളുടെ കുടുംബവും സന്തോഷത്തിലാണ്” എന്നും റോബിന്‍ പറയുന്നുണ്ട്.