കാലിഫോര്‍ണിയയിലെ സാന്‍റ ബാര്‍ബറയില്‍ ഒക്ടോബര്‍ 5 ന് ഷോ നടക്കും എന്നാണ് പ്രചരണം
ബോളിവുഡില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. ഇപ്പോഴിതാ ആ പ്രേക്ഷക താല്‍പര്യം മുതലെടുത്ത് നടത്താനിരുന്ന ഒരു തട്ടിപ്പ് വെളിപ്പെട്ടിരിക്കുകയാണ്. സല്‍മാന്‍ ഖാന്‍ അമേരിക്കയില്‍ പങ്കെടുക്കുന്ന ഒരു ഷോയിലെ ടിക്കറ്റുകള്‍ എന്ന പേരില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് വില്‍പ്പന നടന്നത് ശ്രദ്ധയില്‍ പെട്ടതോടെ അദ്ദേഹത്തിന്‍റെ ടീം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
കാലിഫോര്‍ണിയയിലെ സാന്‍റ ബാര്‍ബറയിലുള്ള അര്‍ലിങ്ടണ്‍ തിയറ്ററില്‍ ഒക്ടോബര്‍ 5 ശനിയാഴ്ച സല്‍മാന്‍ ഖാന്‍ വരുമെന്നാണ് ഒരു ഓണ്‍ലൈന്‍ ടിക്കറ്റിംഗ് സൈറ്റിന്‍റെ പരസ്യം. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പ്രേരിപ്പിച്ചുകൊണ്ടുള്ള പരസ്യത്തില്‍ സല്‍മാന്‍ ഖാന്‍റെ ചിത്രവും കൊടുത്തിട്ടുണ്ട്. പ്രചരണം ശ്രദ്ധയില്‍ പെട്ടതോടെ സല്‍മാന്‍ ഖാന്‍റെ മാനേജര്‍ ജോര്‍ഡി പട്ടേല്‍ തന്നെ രംഗത്തെത്തി. ഇത് തട്ടിപ്പാണെന്നും ടിക്കറ്റുകള്‍ വാങ്ങരുതെന്നും ഈ വര്‍ഷം സല്‍മാന്‍ ഖാന്‍ അമേരിക്കയിലേക്ക് എത്തുന്നില്ലെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. ടിക്കറ്റ് ബുക്കിംഗ് സൈറ്റില്‍ നിന്നുള്ള സ്ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
അതേസമയം ടൈഗര്‍ 3 ന് ശേഷം സല്‍മാന്‍ ഖാന്‍റേതായി പുറത്തെത്താനിരിക്കുന്ന ചിത്രം സിക്കന്തര്‍ ആണ്. സല്‍മാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് എ ആര്‍ മുരുഗദോസ് ആണ്. രശ്മിക മന്ദാന, കാജല്‍ അഗര്‍വാള്‍, പ്രതീക് ബാബര്‍, സത്യരാജ് തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. അടുത്ത വര്‍ഷത്തെ ഈദ് റിലീസ് ആയാവും ഈ ചിത്രം എത്തുക. സാജിദ് നദിയാദ്‍വാലയ്ക്കൊപ്പം ഒരു പതിറ്റാണ്ടിനിപ്പുറമാണ് സല്‍മാന്‍ സഹകരിക്കുന്നത്. 2014 ല്‍ പുറത്തെത്തിയ കിക്ക് ആണ് ഇവര്‍ ഒരുമിച്ച അവസാന ചിത്രം.