സൌബിന്‍ ഷാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം
തമിഴ് സിനിമയിലെ യുവ സംവിധായകരില്‍ ഏറ്റവും സക്സസ് റേറ്റ് ഉള്ളവരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. അതിനാല്‍ത്തന്നെ ലോകേഷിന്‍റെ അടുത്ത ചിത്രം എന്നത് പ്രേക്ഷകരില്‍ എപ്പോഴും കാത്തിരിപ്പേറ്റുന്ന ഒന്നാണ്. എന്നാല്‍ ഈ വലിയ ഹൈപ്പ് ചിലപ്പോഴൊക്കെ അദ്ദേഹത്തിന് വിനയാവാറുമുണ്ട്. വിക്രത്തിനും ലിയോയ്ക്കും ശേഷം സംവിധാനം ചെയ്യുന്ന കൂലിയുടെ ചിത്രീകരണത്തിനിടെ അത്തരത്തിലൊന്ന് ലോകേഷിന് നേരിടേണ്ടതായി വന്നു.
രജനികാന്ത് നായകനാവുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെലുങ്ക് താരം നാഗാര്‍ജുനയാണ്. ചിത്രീകരണത്തിനിടെ ലൊക്കേഷനില്‍ നിന്നുള്ള നാഗാര്‍ജുനയുടെ ഒരു രംഗം ആരോ മൊബൈലില്‍ പകര്‍ത്തിയത് സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നിരുന്നു. 39 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ചോര്‍ന്നത്. വന്‍ ഹൈപ്പ് ഉള്ള ചിത്രമായതിനാല്‍ ഇത് വൈറല്‍ ആവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ തനിക്കുള്ള നിരാശ പങ്കുവച്ച് എത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്.
“നിരവധി പേരുടെ രണ്ട് മാസത്തെ കഠിനാധ്വാനമാണ് ഒരു റെക്കോര്‍ഡിംഗ് കൊണ്ട് ഒന്നുമല്ലാതായി തീര്‍ന്നത്. സിനിമയുടെ മൊത്തത്തിലുള്ള അനുഭവത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടരുതെന്ന് എല്ലാവരോടും ഞാന്‍ താഴ്മയായി അഭ്യര്‍ഥിക്കുന്നു”, ലോകേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ദേവ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. സൌബിന്‍ ഷാഹിര്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദയാല്‍ എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. ശ്രുതി ഹാസന്‍, സത്യരാജ്, ഉപേന്ദ്ര തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം രജനിയുടെ അടുത്ത റിലീസ് വേട്ടൈയന്‍ ആണ്. ടി ജെ ജ്ഞാനവേല്‍ ആണ് ഈ ചിത്രത്തിന്‍റെ സംവിധാനം.