വിജയ് കഥാപാത്രം ഓടിക്കുന്ന കാറിന്‍റെ നമ്പര്‍ പ്ലേറ്റിനെക്കുറിച്ച് പ്രേംജി അമരന്‍
പല നിലയ്ക്ക് തമിഴ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനാവുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്). ഏത് വിജയ് ചിത്രത്തിനും സ്വാഭാവികമായി ലഭിക്കുന്ന ഹൈപ്പ് ഉണ്ടെങ്കിലും മറ്റ് ചില കൗതുക ഘടകങ്ങളും ഗോട്ട് റിലീസിന് പശ്ചാത്തലമാവുന്നുണ്ട്. വിജയ് സജീവ രാഷ്ട്രീയ എന്‍ട്രി പ്രഖ്യാപിച്ചതിന് ശേഷം എത്തുന്ന ചിത്രം എന്നതാണ് അതില്‍ പ്രധാനം. ഇനി ഒരു ചിത്രം കൂടിയേ ചെയ്യൂ എന്ന പ്രഖ്യാപനവും ഗോട്ടിനായുള്ള ആരാധകരുടെ കാത്തിരിപ്പ് ഉയര്‍ത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ കൗതുകകരമായ ഒരു ഡീറ്റെയില്‍ റിലീസിന് മുന്‍പേ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
വിജയ് കഥാപാത്രം ഓടിക്കുന്ന കാറിന്‍റെ നമ്പര്‍ പ്ലേറ്റ് ആണ് അത്. സിഎം 2026 എന്നാണ് ചിത്രത്തില്‍ വിജയ് കഥാപാത്രം ഓടിക്കുന്ന കാറിന്‍റെ നമ്പര്‍ എന്ന് നേരത്തെ പ്രചരണം ഉണ്ടായിരുന്നു. ഇപ്പോഴിതാ അതില്‍ സ്ഥിരീകരണവും എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ വിജയ്ക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രേംജി അമരനാണ് ഇക്കാര്യം ഉറപ്പിച്ചിരിക്കുന്നത്. “ഒരു പ്രധാന കാര്യം പറയാനുണ്ട്. ഗോട്ടില്‍ വിജയ്‍യുടെ കാര്‍ നമ്പര്‍ 2026 എന്നാണ്. വെറും 2026 അല്ല, സിഎം 2026. ആ കാറില്‍ രണ്ട് പേരാണ് ഇരിക്കുന്നത്. ദളപതിയും ഞാനും”, ബിഹൈന്‍ഡ്‍വുഡ്‍സ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രേംജി അമരന്‍ പറഞ്ഞു. വിജയ്‍യുടെ രാഷ്ട്രീയ പാര്‍ട്ടിായ തമിഴക വെട്രി കഴകം അടുത്ത തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തുണ്ടാവും.
വിജയ്‍യെ നായകനാക്കി വെങ്കട് പ്രഭു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോട്ട്. സയന്‍സ് ഫിക്ഷന്‍ ആക്ഷണ്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. ഡബിള്‍ റോളില്‍ അച്ഛനും മകനുമാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. എജിഎസ് എന്റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.