ഇന്ത്യയില്‍ നിന്ന് ഏഴ് സിനിമകളാണ് ഉള്ളത്
ലോകമെമ്പാടുമുള്ള, സിനിമയെ ഗൗരവമായി കാണുന്ന പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് സര്‍വ്വീസ് ആണ് ലെറ്റര്‍ബോക്സ്ഡ്. യൂസര്‍ റേറ്റിംഗ് അനുസരിച്ച് ഇവര്‍ പ്രസിദ്ധീകരിക്കുന്ന സിനിമാ ലിസ്റ്റുകളും വലിയ പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഈ വര്‍ഷം പകുതി പിന്നിട്ടപ്പോള്‍ ആഗോള റേറ്റിംഗില്‍ ഏറ്റവും മുന്നിലുള്ള 25 സിനിമകള്‍ ഏതൊക്കെയെന്ന ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ലെറ്റര്‍ബോക്സ്ഡ്. ഏത് രാജ്യത്തും തിയറ്റര്‍ റിലീസ് ചെയ്യപ്പെട്ട, അല്ലെങ്കില്‍ ഒടിടിയിലൂടെ സ്ട്രീം ചെയ്യപ്പെട്ട സിനിമകളും പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ ലിസ്റ്റില്‍ എത്താന്‍ ഏറ്റവും ചുരുങ്ങിയത് 2000 റേറ്റിംഗ് വേണമായിരുന്നു.
ഏറ്റവും റേറ്റിംഗ് ലഭിച്ചിരിക്കുന്ന ഈ വര്‍ഷത്തെ 25 സിനിമകളുടെ ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് ഏഴ് സിനിമകളാണ് ഉള്ളത്. അതില്‍ അഞ്ചും മലയാളത്തില്‍ നിന്നുള്ളതാണ് എന്നതില്‍ മലയാളികള്‍ക്ക് അഭിമാനിക്കാം. ഹിന്ദി ചിത്രം ലാപതാ ലേഡീസ് ആണ് ലെറ്റര്‍ബോക്സ് റേറ്റിംഗില്‍ ഏറ്റവും മുന്നിലുള്ള ഇന്ത്യന്‍ സിനിമ. ആഗോള ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്താണ് ലാപതാ ലേഡീസ്. ഏഴാമത് മലയാളത്തില്‍ നിന്നുള്ള വന്‍ ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്. ആഗോള ലിസ്റ്റില്‍ പത്താം സ്ഥാനത്ത് മലയാള ചിത്രം ആട്ടം. 15-ാം സ്ഥാനത്ത് മമ്മൂട്ടി നായകനായ ഭ്രമയുഗം, 16-ാം സ്ഥാനത്ത് ഫഹദ് ഫാസില്‍ നായകനായ ആവേശം, 25-ാം സ്ഥാനത്ത് പ്രേമലു എന്നിവയുമുണ്ട്. 20-ാം സ്ഥാനത്ത് ഹിന്ദി ചിത്രം ചംകീലയും.