അക്ഷയ് കുമാറിന്‍റെ സർഫിറ ബോക്‌സ് ഓഫീസിൽ ദയനീയ പ്രകടനമാണ് നടത്തുന്നത്. അക്ഷയ്‌യുടെ സമീപകാലത്തെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിൽ ഒന്നായി ഇത് മാറുകയാണ്.
അക്ഷയ് കുമാറിന്‍റെ സർഫിറ വലിയ പരാജയത്തിലേക്കാണ് നീങ്ങുന്നത്. ഇപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ താരം ദുൽഖർ സൽമാൻ ചിത്രത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ്. എക്സില്‍ ഇട്ട പോസ്റ്റിലാണ് ചിത്രത്തിന്‍റെ മുഴുവന്‍ അണിയറക്കാരെയും അഭിനന്ദിച്ച് ദുല്‍ഖര്‍ ഒരു കുറിപ്പ് പങ്കുവച്ചത്. സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണ് സർഫിറ. തമിഴ് ചിത്രത്തിന്‍റെ സംവിധായിക സുധ കൊങ്കര തന്നെയാണ് ഇതും സംവിധാനം ചെയ്തിരിക്കുന്നത്.
സംവിധായികയെ പ്രശംസിച്ചുകൊണ്ടാണ് ദുല്‍ഖര്‍ കുറിപ്പ് ആരംഭിച്ചത്. “ഒരു ക്ലാസിക് മറ്റൊരു ഭാഷയിലേക്ക് പുനർനിർമ്മിക്കുന്നത് എല്ലായ്പ്പോഴും വളരെ ബുദ്ധിമുട്ടാണ് പക്ഷേ സുധ കൊങ്കര അത് അനായാസമായി ചെയ്തിരിക്കുന്നു. അത് ആധികാരികമാണ്” എന്ന് ദുൽഖർ എഴുതി. അഭിനേതാക്കളായ അക്ഷയ്കുമാർ സാർ, രാധികമാദൻ, സിമാബിശ്വാസ്, പരേഷ് റാവൽ, ശരത് കുമാര്‍ എന്നിവരെയും ദുല്‍ഖര്‍ അഭിനന്ദിച്ചു. ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളികളായ തമിഴ് താരം സൂര്യയെയും ജ്യോതികയെയും ദുല്‍ഖര്‍ കുറിപ്പില്‍ അഭിനന്ദിക്കുന്നുണ്ട്.
അതേ സമയം അക്ഷയ് കുമാറിന്‍റെ സർഫിറ ബോക്‌സ് ഓഫീസിൽ ദയനീയ പ്രകടനമാണ് നടത്തുന്നത്. അക്ഷയ്‌യുടെ സമീപകാലത്തെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിൽ ഒന്നായി ഇത് മാറുകയാണ്. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്കിന്‍റെ കണക്കുകൾ പ്രകാരം, സർഫിറ ഏഴ് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷൻ 1.25 കോടി രൂപ മാത്രമാണ്. ഏഴ് ദിവസം പിന്നിടുമ്പോൾ ചിത്രത്തിന്‍റെ ആകെ കളക്ഷന്‍ 18 കോടി രൂപ മാത്രമാണ്. 80 കോടിയിലേറെയാണ് ചിത്രത്തിന്‍റെ ബജറ്റ്.