ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെ കുറിച്ച് ആദ്യമായി പ്രതികരിച്ച് ബോളിവുഡ് നടി തപ്‌സി പന്നു. മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതെന്ന് തപ്‌സി ട്വീറ്റ് ചെയ്തു.
‘മൂന്ന് ദിവസങ്ങളിലായുണ്ടായ ആഴത്തിലുള്ള തെരച്ചില്‍ പ്രാഥമികമായി മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. ആദ്യത്തേത് എനിക്ക് പാരീസില്‍ ഉണ്ടെന്ന് പറയപ്പെടുന്ന ബംഗ്ലാവിന്റെ താക്കോല്‍, കാരണം വേനല്‍ അവധി വരികയാണല്ലോ. രണ്ടാമത് അഞ്ച് കോടിയുടെ രസീത്, ആ പണം ഞാന്‍ നേരത്തെ നിരസിച്ചതാണ്.മൂന്നാമത്തെത് ധനകാര്യമന്ത്രി പറഞ്ഞതിന്‍ പ്രകാരം 2013ല്‍ നടന്ന റെയ്ഡിനെ കുറിച്ചുള്ള എന്റെ ഓര്‍മ. പി.എസ്.- ഇത് ഇനി സഹിക്കാന്‍ കഴിയില്ല’ എന്ന് തപ്‌സി കുറിച്ചു. ബുധനാഴ്ച അവസാനിച്ച റെയ്ഡിനെ കുറിച്ച് നടി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ട്വീറ്റ് ചെയ്തത്.
സംവിധായകന്‍ അനുരാഗ് കശ്യപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നിരുന്നു. പൂനെയില്‍ വച്ചായിരുന്നു ഇരുവരുടെയും ചോദ്യം ചെയ്യല്‍. 30 സ്ഥലങ്ങളില്‍ പൂനെയിലും മുംബൈയിലുമായി റെയ്ഡ് നടന്നു.
അദ്ദേഹവും റെയ്ഡിന് ശേഷം ട്വീറ്റ് ചെയ്തിരുന്നു. തങ്ങള്‍ സിനിമ ചിത്രീകരണം വീണ്ടും ആരംഭിച്ചുവെന്നാണ് ട്വീറ്റ്. ഒപ്പം തപ്‌സി പന്നുവിനോടൊപ്പമുള്ള ചിത്രവുമുണ്ട്. തപ്‌സിയാണ് ചിത്രത്തിലെ നായിക
കര്‍ഷക സമരത്തിനെ കുറിച്ചും മറ്റു പല വിഷയത്തിലും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഇരുവരും സംസാരിച്ചിരുന്നു. മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ഉള്‍പ്പെടെ ഇരുവരുടെയും ചോദ്യം ചെയ്യലിനെയും റെയ്ഡിനെയും അപലപിച്ചു.