കേരള രാജ്യാന്തര ചലച്ചിത്രമേള നാളെ കൊടിയിറങ്ങും. ചലച്ചിത്രമേളയുടെ ഏഴാം ദിവസമായ ഇന്ന് 68 സിനിമകൾ പ്രദർശിപ്പിക്കും. മമ്മൂട്ടി ചിത്രം ഭ്രമയുഗം ഉൾപ്പെടെയുള്ള സിനിമകളാണ് ഇന്ന് പ്രദർശിപ്പിക്കുക. തലസ്ഥാനനഗരിയിൽ നടക്കുന്ന സിനിമയുടെ ഉത്സവത്തിന് കൊടിയിറങ്ങാൻ ഇനി ഒരു നാൾ കൂടി മാത്രം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഭ്രമയുഗമാണ് ഇന്നത്തെ പ്രധാന ആകർഷണം.
നിശാഗന്ധിയിൽ മിഡ്നൈറ്റ് സ്ക്രീനിങ്ങിന്റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിക്കുക. ദീപാ മേത്തയുടെ ഫയർ, മാർക്കോസ് ലോയ്സയുടെ അവെർനോ തുടങ്ങിയവയും ഇന്നത്തെ പ്രധാന സിനിമകളാണ്. അഭിനയജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിടുന്ന ശബാന ആസ്മിയോടുള്ള ആദരസൂചകമായി ഒരുക്കിയ സെലിബ്രേറ്റിംഗ് ശബാന വിഭാഗത്തിലാണ് ഫയർ പ്രദർശനത്തിന് എത്തുക.
കഴിഞ്ഞ ദിവസങ്ങളിൽ പ്രേക്ഷക ശ്രദ്ധ നേടിയ മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി, റിഥം ഓഫ് ദമാം, പാത്ത്, ക്വിയർ, കാമദേവൻ നക്ഷത്രം കണ്ടു തുടങ്ങിയവയുടെ മേളയിലെ അവസാന പ്രദർശനവും എന്നാണ്. മലയാള സിനിമ ഇന്ന് വിഭാഗത്തിൽ വി.സി അഭിലാഷിന്റെ എ പാൻ ഇന്ത്യൻ സ്റ്റോറിയുടെ പ്രദർശനവും ഇന്ന് നടക്കും. ഇന്ത്യൻ സ്വതന്ത്ര സിനിമയിലെ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ പാനൽ ചർച്ചയും ഇന്നുണ്ടാകും.