![](https://sakhionline.in/wp-content/uploads/2025/01/health-25.jpg)
സംവിധായകൻ ഷാഫിയുടെ നിര്യാണത്തിൽ അനുശോചനവുമായി നടൻ സുരാജ് വെഞ്ഞാറാമൂട്. എന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഷാഫി സർ ന്റെ ഈ വേഗത്തിലുള്ള യാത്ര പറച്ചിൽ. എന്തിനും ഏതിനും ഒരു കോളിന് അപ്പുറം എനിക്ക് ഉണ്ടാകുമെന്നു വിശ്വസിച്ച ഒരു ജ്യേഷ്ഠ സഹോദരനാണ് അദ്ദേഹം.
അത്രയും കണക്റ്റഡ് ആയ ഒരു മനുഷ്യൻ ആയിരുന്നു എനിക്ക് അദ്ദേഹമെന്നും സുരാജ് ഫേസ്ബുക്കിൽ കുറിച്ചു. എന്നെന്നും മലയാളികൾ എന്നെ ഓർമിക്കുന്ന ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യൻ. ഇനിയും ഉൾകൊള്ളാൻ ആകുന്നില്ല ഈ വേർപാട്. അദ്ദേഹത്തിന്റെ കുടുംബത്തിനു ഈ വേദന താങ്ങാനുള്ള ശക്തി ഈശ്വരൻ നൽകട്ടെയെന്നും സുരാജ് വെഞ്ഞാറാമൂട് ഫേസ്ബുക്കിൽ കുറിച്ചു.
ചട്ടമ്പിനാടിലെ ദശമൂലം ദാമു എന്ന കഥാപാത്രം ആസ്പദമാക്കി സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് സുരാജ് വെഞ്ഞാറമ്മൂട് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലവും ഷാഫിയും ചേര്‍ന്ന് തിരക്കഥ തയ്യാറാക്കിക്കൊണ്ടിരിക്കുയാണ്.
ആളുകള്‍ക്ക് അത്രയും പ്രതീക്ഷയുള്ള ചിത്രമായതിനാല്‍ സൂക്ഷിച്ച് മാത്രമേ ആ സിനിമ ചെയ്യുവെന്നും സുരാജ് നേരത്തെ പറഞ്ഞിരുന്നു. സുരാജിനൊപ്പം ഏത് ചടങ്ങില്‍ പങ്കെടുത്താലും ദശമൂലം ദാമു കേന്ദ്രകഥാപാത്രമായ സിനിമ എന്തുകൊണ്ട് ചെയ്യുന്നില്ലെന്ന് ആളുകള്‍ ചോദിക്കും, അത്രയേറെ ആരാധകരാണ് ദാമുവിന് ഉള്ളത്.
മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചട്ടമ്പിനാട്. സിനിമയിലെ ഹാസ്യ കഥാപാത്രമായിരുന്നു ചട്ടമ്പിയായ ദശമൂലം ദാമു. തിയ്യേറ്ററുകളില്‍ ചിരി പടര്‍ത്തിയ കഥാപാത്രം പിന്നീട് സോഷ്യല്‍ മീഡിയിയല്‍ ട്രോളന്മാര്‍ ട്രെന്‍ഡിങ്ങാക്കി.