സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി ഇത്തവണ വ്യത്യസ്തമായ ഒരു പരസ്യവുമായി എത്തിയിരിക്കുകയാണ് . ഒറ്റനോട്ടത്തിൽ മാർക്കോ സിനിമയുടെ പുതിയ പോസ്റ്റർ പോലെ തോന്നുമെങ്കിലും സൂക്ഷിച്ചുനോക്കിയാൽ ‘മാർക്കോ’ എന്നതിനുപകരം ‘മാറിക്കോ’ എന്ന് കാണാം. “കോണ്ടമില്ലെങ്കിൽ മാറിക്കോ” എന്നതാണ് പരസ്യത്തിന്റെ ആശയം.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളിൽ നിന്ന് പിന്മാറാനും ലൈംഗിക രോഗങ്ങളിൽ നിന്ന് രക്ഷ നേടാനും കോണ്ടം ഉപയോഗിക്കാനും പരസ്യം ആഹ്വാനം ചെയ്യുന്നു. എന്നാൽ ഈ പരസ്യം മാർക്കോയുടെ നായകൻ ഉണ്ണി മുകുന്ദൻ ഷെയർ ചെയ്തത്തോടെ സാമൂഹ്യ മാധ്യമങ്ങളിൽ ഇത് വൈറലായി .
“വാച്ച് മാർക്കോ ഇൻ തിയേറ്റർ, നോട്ട് ഓൺ ടെലഗ്രാം” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം പരസ്യം പങ്കുവെച്ചത്. ടെലഗ്രാം ഗ്രൂപ്പുകൾ വഴി മാർക്കോയുടെ ലിങ്ക് വ്യാപകമായി പ്രചരിച്ചിരുന്നു,കുറ്റവാളിയെ പൊലീസ് കസ്റ്റഡിയിലും എടുത്തു.
നിരവധി രസകരമായ കമന്റുകളാണ് പോസ്റ്റിന്റെ കമന്റ് ബോക്സുകളിൽ നിറയുന്നത്. പരസ്യം ഉണ്ടാക്കിയവന്റെ തല അപാരം, ഇത് ഷെയർ ചെയ്ത ഉണ്ണി മുകുന്ദനാണ് മാസ്സ്, ഇതാണ് പരസ്യം എങ്ങനെയാവണം മാർക്കറ്റിങ് , എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ പരസ്യം അതിനേക്കാൾ മികച്ചതായി മാർക്കോ ടീമാണ് യൂസ് ചെയ്തത് ഇത്തരം രസകരമായ പ്രതികരണങ്ങളാണ് പോസ്റ്റിന് വരുന്നത്.









