അനുബന്ധ കുറ്റപത്രം നൽകിയതിന് പിന്നാലെ സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ ഇരുഭാഗത്തിനും കഴിയും. പ്രതിഭാഗം സാക്ഷിവിസ്താരം കഴിഞ്ഞെന്നോ, ഇല്ലെന്നോ ഇത് വരെ കോടതിയെ അറിയിച്ചിട്ടില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു.
കൊച്ചി : നടിയെ അക്രമിച്ച കേസിലെ വിചാരണ അവസാന ഘട്ടത്തിലെത്തിയിരിക്കെ പ്രോസിക്യൂഷൻ വീണ്ടും കോടതിയിൽ. സാക്ഷി വിസ്താരം പൂർത്തിയാക്കിയ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. പ്രോസിക്യൂഷൻ സാക്ഷിവിസ്താരം പൂർത്തിയാക്കിയിരുന്നു. ഇക്കാര്യം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പ്രതിഭാഗം സാക്ഷിവിസ്താരം പൂർത്തിയാക്കിയെന്ന് രേഖാമൂലം കോടതിയെ അറിയിച്ചിട്ടില്ല. ഇക്കാര്യം കോടതി പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടു. ഈ നടപടി പൂർത്തിയാക്കാത്തത് പിന്നീട് വിചാരണയിലെ വീഴ്ചയായി മേൽകോടതികൾ കണക്കാക്കും. അനുബന്ധ കുറ്റപത്രം നൽകിയതിന് പിന്നാലെ സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ ഇരുഭാഗത്തിനും കഴിയും. പ്രതിഭാഗം സാക്ഷിവിസ്താരം കഴിഞ്ഞെന്നോ, ഇല്ലെന്നോ ഇത് വരെ കോടതിയെ അറിയിച്ചിട്ടില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു.
അതേ സമയം, നടിയെ ആക്രമിച്ച കേസില്‍ രണ്ടാംഘട്ട വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളും സാക്ഷി മൊഴികളും പ്രകാരം പ്രതികളോട് കോടതി ചോദ്യങ്ങള്‍ ചോദിക്കുന്ന നടപടിയാണ് തുടങ്ങിയത്. നടന്‍ ദിലീപ്, പള്‍സര്‍ സുനി, മാര്‍ട്ടിന്‍ മണികണ്ഠന്‍ എന്നിവര്‍ കോടതിയിലെത്തി. കേസില്‍ ആകെ പത്ത് പ്രതികളാണുള്ളത്. പ്രതികളെ കേട്ടതിന് ശേഷം അടുത്ത ഘട്ടം വിചാരണയിലേക്ക് കോടതി കടക്കും.