ഒരു വാഹനം വാങ്ങുമ്പോൾ എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നാണ് വാഹനത്തിന്റെ സുരക്ഷ സംബന്ധിച്ച ഫീച്ചറുകൾ. വാഹനത്തിന്റെ സുരക്ഷ തെളിയിക്കുന്നതിനായി ഇടി പരീക്ഷയാണ് പ്രധാന മാനദണ്ഡമായി കാണുന്നത്. ഇന്ത്യയിൽ ഭാരത് എൻഎക്യാപിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വാഹനങ്ങളാണ് വിപണിയിലേക്ക് എത്തുന്നത്. എന്നാൽ ഇടി പരീക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു പരീക്ഷണം നടത്തിയിരിക്കുകയാണ് ചൈനീസ് വാഹന നിർമാതാക്കളായ ബിൽഡ് യുവർ ഡ്രീംസ്(BYD).
ബ്രാൻഡിൻ്റെ ഏറ്റവും പുതിയ യാങ്‌വാങ് U8L എസ്‌യുവിയെയാണ് കമ്പനി വേറിട്ട് പരീക്ഷണത്തിന് വിധേയമാക്കിയത്. ഇൻ്റേണൽ ഡ്യൂറബിലിറ്റി ടെസ്റ്റിനായി വാഹനത്തിന്റെ മുകളിലേക്ക് പനമരം മുറിച്ചിട്ടായിരുന്നു പരീക്ഷണം. മൂന്ന് തവണയാണ് ഇത്തരത്തിൽ മരം മുറിച്ചിട്ട് പരീക്ഷണം നടത്തിയത്. വലിയ പനമരം മുറിച്ചിട്ടിട്ടും വാഹനത്തിന്റെ ഒരു ഗ്ലാസ് പോലും പൊട്ടിയില്ല എന്നതാണ് എല്ലാവരെയും ഞെട്ടിച്ചത്.
ആദ്യ പരീക്ഷണത്തിൽ മരത്തിൽ നിന്നും വാഹനം 300 സെൻ്റീമീറ്റർ അകലെ നിർത്തിയാണ് മുകളിലേക്ക് വീഴ്ത്തിയതെങ്കിൽ രണ്ടാം ഘട്ടത്തിൽ 400 സെൻ്റീമീറ്റർ മൂന്നാം ഘട്ടത്തിൽ 500 സെൻ്റീമീറ്റർ അകലത്തിലുമാണ് എസ്‌യുവിയിലേക്ക് മരം പതിച്ചിരിക്കുന്നത്. അവസാന പരീക്ഷണത്തിൽ, മരത്തിന്റെ മുകൾ ഭാഗം പോലും ഒടിഞ്ഞുവീണു.
ചൈന ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ആഡംബര എസ്‌യുവിയാണ് തങ്ങളെന്ന് തെളിയിക്കുന്നതിനുള്ള U8-ന്റെ പുതിയ പരീക്ഷണം. ക്രാബ് വാക്കിംഗ് ഫീച്ചറും ഒരു ബോട്ട് പോലെ വെള്ളത്തിൽ പൊങ്ങിക്കിടക്കാനും പരിമിതമായ വേഗതയിൽ ചെറിയ ദൂരം സഞ്ചരിക്കാനും വരെ കഴിയുന്ന അസാധാരണ എസ്‌യുവിയാണിത്. യാങ്‌വാങ് U8L SUV നിലവിൽ ഇന്ത്യയിൽ വിൽപനക്കെത്തിയിട്ടില്ല. അറ്റോ 3, ഇമാക്‌സ് 7, സീൽ, സീലയൺ 7 എന്നീ ഇവികളാണ് രാജ്യത്തെ വിപണിയിൽ നിലവിൽ ബിവൈഡി വിൽപനക്കെത്തിച്ചിരിക്കുന്നത്.









