ആദ്യ ഇലക്ട്രിക് വാഹനമായ ഇ വിറ്റാരയുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ച് ഇന്തോ – ജാപ്പനീസ് കാർ നിർമാതാക്കളായ മാരുതി സുസുക്കി. ഡിസംബർ 2ന് വാഹനത്തിന്റെ വില പ്രഖ്യാപിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റിൽ വാഹനത്തിന്റെ നിർമാണം ഗുജറാത്തിലെ പ്ലാന്റിൽ ആരംഭിച്ചിരുന്നു. ഇവിടെ നിർമ്മിച്ച ഇ വിറ്റാര യുറോപ്പിലേക്കാണ് കയറ്റിയക്കുന്നത്.
ഓഗസ്റ്റിൽ കയറ്റുമതി ആരംഭിച്ചതിനുശേഷം ഏകദേശം 7,000 യൂണിറ്റ് ഇ വിറ്റാര വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചത്. യുകെ, ജർമ്മനി, നോർവേ, ഫ്രാൻസ്, ഡെൻമാർക്ക്, സ്വിറ്റ്സർലൻഡ്, നെതർലാൻഡ്‌സ്, സ്വീഡൻ, ഹംഗറി, ഐസ്‌ലാൻഡ്, ഓസ്ട്രിയ, ബെൽജിയം എന്നിവയുൾപ്പെടെ യൂറോപ്പിലുടനീളമുള്ള 12 രാജ്യങ്ങളിലേക്ക് 2,900-ലധികം യൂണിറ്റ് ഇ-വിറ്റാര അയച്ചു. മാരുതി സുസുക്കി ഇവിഎക്‌സ് കോൺസെപ്റ്റിൽ നിന്നാണ് ഇ വിറ്റാരയുടെ ഡിസൈൻ.
ഗുജറാത്തിലെ ബ്രാൻഡിന്റെ പ്ലാന്റിൽ നിർമിക്കുന്ന ഈ ഇലക്ട്രിക് എസ്‌യുവി 10 നിറങ്ങളിലും മൂന്ന് വകഭേദങ്ങളിലുമാണ് എത്തുന്നത്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയർ റിയർവ്യൂ മിറർ (IRVM), സെമി-ലെതറെറ്റ് സീറ്റിംഗ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, സുസുക്കി കണക്റ്റ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (TPMS), ഏഴ് എയർബാഗുകൾ, തുടങ്ങിയ ഫീച്ചറുകളെല്ലാം ഇവിയിലുണ്ട്.
ആഗോള വിപണികളിൽ, സുസുക്കി ഇ-വിറ്റാര രണ്ട് ബാറ്ററി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. 49kWh ഉം 61kWh ഉം. ഓൾ-വീൽ ഡ്രൈവ് നൽകുന്ന ഡ്യുവൽ-മോട്ടോർ കോൺഫിഗറേഷനിലും ലഭ്യമാണ്ന്നു. ഫ്രണ്ട്-വീൽ ഡ്രൈവുള്ള ഇ-വിറ്റാര 49 kWh ബാറ്ററി ഉപയോഗിച്ച് 144 bhp ഉം 61 kWh വേരിയന്റിൽ 174 bhp ഉം ഉത്പാദിപ്പിക്കുന്നു. ഫുൾ ചാർജിൽ 500 കിലോമീറ്റർ ഡ്രൈവിങ് റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. അതോടൊപ്പം DC ഫാസ്റ്റ് ചാർജർ വഴി 50 മിനിറ്റിനുള്ളിൽ ബാറ്ററി പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.







