ഐഎസ്എല്ലില്‍ മുഹമ്മദന്‍സിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളിന് മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിനെ തോല്‍പ്പിച്ചു. ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്തേയ്ക്ക് തിരിച്ചെത്തി.
മത്സരത്തിന്റെ ആദ്യപകുതി ഗോള്‍ രഹിതമായിരുന്നു. രണ്ട് സുവര്‍ണ്ണാസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രണ്ടാം പകുതിയില്‍
മുഹമ്മദന്‍ താരം ഭാസ്‌കര്‍ റോയിയുടെ സെല്‍ഫ് ഗോളില്‍ ആണ് ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയത. 80ാം മിനിറ്റില്‍ നോഹ സദോയി ബ്ലാസ്റ്റേഴ്‌സിനായി രണ്ടാം ഗോള്‍ നേടി. 90ാം മിനിറ്റില്‍ അലക്‌സാണ്ട്രെ കോഫിന്റെതായിരുന്നു മൂന്നാം ഗോള്‍. 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുകളാണ് കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്.
പരിശീലകന്‍ മികായേല്‍ സ്റ്റാറെയെ പുറത്താക്കിയതിന് ശേഷമുള്ള ആദ്യ മത്സരത്തിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങിയത്. ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി ആരാധക കൂട്ടായ്മയായ മഞ്ഞപ്പട രംഗത്തെത്തുകും ചെയ്തു. ലീഡേഴ്‌സ് ഓര്‍ ലയേഴ്‌സ് എന്ന് എഴുതിയ കറുത്ത ബാനറുമായാണ് മഞ്ഞപ്പട എത്തിയത്. സ്റ്റേഡിയത്തിന് പുറത്തും അകത്തും ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു.