മാസങ്ങള്‍ക്ക് മുമ്പ് തുടര്‍ച്ചയായ തോല്‍വികള്‍ ഇന്ത്യന്‍ വനിത ക്രിക്കറ്റിന്റെ ശോഭ കെടുത്തിയിരുന്നു. എന്നാല്‍ ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കിയത് പിന്നാലെ വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയിലെ ആദ്യ വിജയവും സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ പെണ്‍പട. ആദ്യ ഏകദിനത്തില്‍ 211 എന്ന കൂറ്റന്‍ സ്‌കോറിനാണ് ഇന്ത്യന്‍ വനിതകള്‍ വിജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയതത് ഇന്ത്യയായിരുന്നു. സ്മൃതി മന്ദാനയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ 13 ബൗണ്ടറികള്‍ ഉള്‍പ്പെടെ 102 പന്തില്‍ നിന്ന് 91 റണ്‍സ് എടുത്തു. 50 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികളും ഒരു സിക്‌സും അടക്കം 44 റണ്‍സുമായി ഹര്‍ലിന്‍ ഡിയോള്‍, 69 പന്തുകള്‍ നേരിട്ട് നാല് ബൗണ്ടറികള്‍ ഉള്‍പ്പെടെ 40 റണ്‍സെടുത്ത പ്രതിക റാവല്‍, മൂന്ന് ഫോറുകളും ഒരു സിക്‌സുമടക്കം 23 പന്തുകളില്‍ നിന്ന് 34 റണ്‍സ് സ്വന്തമാക്കിയ ഹര്‍മ്മന്‍ പ്രീത് കൗര്‍, 19 ബോള്‍ നേരിട്ട് ഒരു സിക്‌സും മൂന്ന് ബൗണ്ടറികളുമടക്കം 31 റണ്‍സെടുത്ത ജമീമ റോഡ്രിഗസ് തുടങ്ങി ഓരോ താരങ്ങളും ഇന്ത്യന്‍വിജയത്തിന്റെ അഭിവാജ്യഘടകമായി.
314 എന്ന കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത് ഇന്ത്യയുടെ എടുത്ത് പറയേണ്ട ബാറ്റിങ് പ്രകടനമായിരുന്നു. അതേ സമയം 315 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് താരങ്ങളെ ക്രീസില്‍ ഉറച്ചു നില്‍ക്കാന്‍ ഇന്ത്യന്‍ ബൗളിങ് സംഘം സമ്മതിച്ചില്ല. വെറും 103 റണ്‍സില്‍ കരീബിയന്‍ സംഘം മൈതാനം വിട്ടു. പത്ത് ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ച് വിക്കറ്റ് നേടിയ രേണുക താക്കൂര്‍ സിങ് ആണ് വിന്‍ഡീസിന്റെ വിജയമോഹങ്ങളെ തല്ലി തകര്‍ത്തത്. പ്രിയമിശ്ര രണ്ട് വിക്കറ്റും ടിറ്റാസ് സാധു, ദീപ്തി ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റുകളും വീതവും വീഴ്ത്തി. കഴിഞ്ഞ കാലങ്ങളിലെ തുടര്‍ പരാജയങ്ങളില്‍ കയ്പ്പറിഞ്ഞ ഇന്ത്യസംഘത്തിന്റെ ഉയര്‍ത്തേഴുന്നേല്‍പ്പ് കൂടിയായി മാറി ട്വന്റി ട്വന്റി പരമ്പര വിജയത്തിന് പിന്നാലെയുള്ള വഡോദരയിലെ ഏകദിന വിജയം. 24-നാണ് പരമ്പരയിലെ രണ്ടാം മത്സരം.