മിമിക്രി താരം മഹേഷ് കുഞ്ഞുമോനെ അഭിനന്ദിച്ച് തമിഴ് നടൻ വിജയ് സേതുപതി. ഫ്‌ളവേഴ്‌സ് ടി വിയുടെ വേദികളിൽ സ്ഥിര സാന്നിധ്യമാണ് മഹേഷ് കുഞ്ഞുമോൻ. മലയാള സിനിമയിലെ നിരവധി നടന്മാരെ ഒരേസമയം ഡബ്ബ് ചെയ്യുന്ന മഹേഷിന്റെ വിഡിയോ ഏറെ വൈറലായിരുന്നു.
മഹേഷ് കുഞ്ഞുമോന്റെ നിരീക്ഷണം മനോഹരമാണെന്ന് വിജയ് സേതുപതി പറഞ്ഞു. തന്നെ അനുകരിക്കുന്ന വിഡിയോ കണ്ടതിന് ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. മഹേഷ് കുഞ്ഞുമോൻ തന്നെ അനുകരിക്കുന്ന വിഡിയോ കണ്ടിട്ടായിരുന്നു വിജയ് സേതുപതി അഭിനന്ദിച്ചത്. വിടുതലൈ2 എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവതാരകൻ അഭിമുഖത്തിനിടെ വിജയ് സേതുപതിയെ, മഹേഷ് കുഞ്ഞുമോൻ അനുകരിക്കുന്ന വിഡിയോ കാണിച്ചു കൊടുത്തിരുന്നു. തുടർന്ന്, കലാകാരന്റെ പേരും നടൻ ചോദിച്ചു. ശേഷം, ‘മഹേഷ് കുഞ്ഞുമോന്‍, നിങ്ങൾ വളരെ നന്നായി ചെയ്തിട്ടുണ്ട്. എന്ത് ക്യൂട്ടായിട്ടാണ് അനുകരിച്ചത്. നിങ്ങളുടെ നിരീക്ഷണം വളരെ മനോഹരമായിട്ടുണ്ട്. എനിക്കിത് വളരെ സർപ്രൈസായിരുന്നു. ഐ ലവ് യു.’- വിജയ് സേതുപതി പറഞ്ഞു.
വിക്രം സിനിമയുടെ മലയാളം പതിപ്പിൽ മഹേഷ് ഡബ്ബ് ചെയ്ത കാര്യവും അവതാരകൻ നടന്റെ ശ്രദ്ധയിൽപ്പെടുത്തി. ഏഴ് പേർക്ക് ഒരാൾ ഡബ്ബ് ചെയ്തോ, നന്നായിട്ടുണ്ടെന്നായിരുന്നു വിജയ് സേതുപതിയുടെ വാക്കുകൾ. വിക്രം സിനിമയുടെ മലയാളം പതിപ്പിൽ ഏഴ് പേർക്ക് മഹേഷാണ് ഡബ്ബ് ചെയ്തത്. കമല്‍ഹാസന്‍, വിജയ് സേതുപതി, സൂര്യ, ഫഹദ് ഫാസില്‍ തുടങ്ങി ഏഴ് താരങ്ങള്‍ക്ക് വേണ്ടിയായിരുന്നു അദ്ദേഹം ഡബ്ബ് ചെയ്തത്.