മൂന്ന് മുന്നണികൾക്കും ഒരുപോലെ നിർണായകമാണ് നാളത്തെ ഉപതിരഞ്ഞെടുപ്പ് ഫലം. വയനാട് ലോകസഭ, പാലക്കാട്, ചേലക്കര നിയമസഭാ ഉപ തിരഞ്ഞെടുപ്പ് ഫലങ്ങളെ രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഫലം രാഷ്ട്രീയത്തിൽ ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങളാണ് ആകാംക്ഷ ഉയരാൻ കാരണം. നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സർക്കാരിനും എൽഡിഎഫിന് മികച്ച പ്രകടനം നടത്തേണ്ടത് അനിവാര്യമാണ്. ലോകസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ നിന്ന് കരകയറാൻ ചേലക്കരയിൽ ജയിക്കുകയും പാലക്കാട് നല്ല വോട്ട് നേട്ടം ഉണ്ടായേ മതിയാകു.
ചേലക്കര വിജയം ഭരണവിരുദ്ധ വികാരം കുറഞ്ഞതിൻ്റെ തെളിവായി ചൂണ്ടിക്കാണിക്കാം. ഫലം മറിച്ചാണെങ്കിൽ മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും എല്ലാം പാർട്ടി സമ്മേളന കാലത്ത് വിചാരണ ചെയ്യപ്പെടാൻ ഇടയാകും. ഇടക്കാലത്ത് പാർട്ടിയിൽ തലപൊക്കിയ നേതൃത്വത്തിനെതിരായ നീക്കങ്ങൾക്ക് വീണ്ടും ജീവൻ വെക്കുകയും ചെയ്യും. ഫലം മോശമായാൽ നിയമസഭ- തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ളആത്മവിശ്വാസവും ചോരും. യുഡിഎഫിനും തിരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്. സർക്കാർ വിരുദ്ധ വികാരം ശക്തമെന്ന് സ്ഥാപിക്കാൻ ചേലക്കരയിൽ അട്ടിമറി ജയവും പാലക്കാട് നല്ല ഭൂരിപക്ഷത്തിലുള്ള വിജയവും ഉണ്ടായേ മതിയാകു. ഇത് രണ്ടും സംഭവിച്ചാൽ പാർട്ടിയിലെ എതിർ ശബ്ദങ്ങളെ നിശബ്ദരാക്കി കൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ശക്തമായി മുന്നോട്ട് പോകാം.
എന്നാൽ ചേലക്കരയിൽ തോൽക്കുകയും പാലക്കാട് നല്ല വിജയം നേടാനാകാതെ പോകുകയും ചെയ്താൽ വിഡി സതീശന്റെ രാഷ്ട്രീയ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടും. ഇപ്പോൾതന്നെ സതീശനെതിരെ പടയൊരുക്കം നടത്തുന്ന വിഭാഗങ്ങൾ അത് മികച്ച അവസരമാക്കി മാറ്റും. പാലക്കാട് ഭൂരിപക്ഷം കുറഞ്ഞാൽ സന്ദീപ് വാര്യരെ കൊണ്ടുവരാനുള്ള തീരുമാനം തിരിച്ചടിച്ചെന്ന പഴിയും കേൾക്കേണ്ടിവന്നേക്കാം. പാലക്കാട് ബിജെപി അട്ടിമറി നടത്തിയാൽ യുഡിഎഫിനകത്ത് വലിയാ പൊട്ടിത്തെറിക്കും സാധ്യതയുണ്ട്. പ്രിയങ്ക ഗാന്ധി മത്സരിച്ച വയനാട് പോളിംഗ് കുറഞ്ഞത് ഭൂരിപക്ഷത്തിലും ഇടിവ് ഉണ്ടാക്കിയാൽ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിന് ക്ഷീണമാകും.
ഉപതിരഞ്ഞെടുപ്പിനുശേഷം കെപിസിസി അധ്യക്ഷനെ മാറ്റാൻ ശ്രമിക്കുന്ന വിഭാഗത്തിന് ഇത് ആയുധമാകും പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം ബിജെപി സംസ്ഥാന നേതൃത്വത്തിനും ഏറെ നിർണായകമാണ്. പാർട്ടി രണ്ടാം സ്ഥാനത്തുള്ള എ ക്ലാസ് മണ്ഡലത്തിൽ വിജയം നേടാനായാൽ അത് വമ്പൻ നേട്ടമാകും. തൃശ്ശൂർ ലോക്സഭാ സീറ്റിലെ വിജയത്തിന് പിന്നാലെ നിയമസഭയിലും അക്കൗണ്ട് തുറക്കുന്നത് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് വ്യക്തിപരമായും ഗുണകരമാകും എന്നാൽ പാലക്കാട് തിരിച്ചടി നേരിട്ടാൽ സ്ഥിതി വ്യത്യസ്തമാകാനാണ് സാധ്യത.