സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ ധാര്‍മികതയുടെ പ്രശ്‌നമില്ലെന്ന് മന്ത്രി പി രാജീവ്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ സുപ്രീംകോടതി ഉത്തരവുകള്‍ ഉണ്ട്. സാധാരണ ഗതിയിൽ അദ്ദേഹത്തിന്റെ ഭാഗം കൂടി ഹൈക്കോടതി കേൾക്കേണ്ടതായിരുന്നു. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു എന്ന് സജി ചെറിയാൻ തന്നെ വ്യക്തമാക്കി. അദ്ദേഹം മന്ത്രി ആയതുകൊണ്ടാണല്ലോ മേലുദ്യോഗസ്ഥർ തന്നെ കേസ് അന്വേഷിക്കണം എന്ന് കോടതി പറഞ്ഞത്. മന്ത്രിസ്ഥാനത്ത് ഇരുന്ന് കൊണ്ട് തന്നെ അന്വേഷണം നേരിടാം എന്നാണ് കോടതിയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മല്ലപ്പള്ളിയിലെ ഭണഘടനാ അവഹേളന പ്രസംഗത്തിനെതിരെയുള്ള കോടതി ഉത്തരവിൽ മന്ത്രി സജി ചെറിയാൻ രാജിവെക്കേണ്ടെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണ. ഒരേ വിഷയത്തിൽ രണ്ടു തവണ മന്ത്രി സ്ഥാനം രാജി വെക്കേണ്ടതില്ലെന്നാണ് സെക്രട്ടറിയേറ്റിൽ ഉയർന്ന അഭിപ്രായം. അന്വേഷണ ഉത്തരവിനെതിരെ നിയമോപദേശം തേടാനും സെക്രട്ടറിയേറ്റിൽ തീരുമാനമായി.