ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഉയരുന്ന രൂക്ഷ വിമര്‍ശനങ്ങൾക്ക് പിന്നാലെ ഇപി ജയരാജനെതിരെ സിപിഎമ്മിൽ പടയൊരുക്കം. തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ ചേർന്ന ജില്ലാ കമ്മിറ്റികളിലും ഇപിക്കെതിരെ നിശിത വിമര്‍ശനമാണ് ഉയരുന്നത്. ഇടതുമുന്നണി കൺവീനറുടെ ബിജെപി ബന്ധ വിവാദത്തിൽ ഗൗരവമായ പരിശോധന നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.
ഇടഞ്ഞും ഇടക്കാലത്ത് ഇണങ്ങിയും ഇപിക്ക് പാര്‍ട്ടിയിൽ തനിവഴിയായിട്ട് കാലം കുറെയായി. എംവി ഗോവിന്ദൻ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തത് മുതലിങ്ങോട്ട് നേരിട്ടും അല്ലാതെയും ഇപി ഉൾപ്പെട്ട വിവാദങ്ങൾ പാര്‍ട്ടിക്ക് തലവേദനയുമാണ്. ഇപി ജയരാജനേയും കുടുംബത്തേയും കണ്ണൂരിലെ റിസോര്‍ട്ടുമായി ബന്ധപ്പെടുത്തി വിവാദം സംസ്ഥാന സമിതി യോഗത്തിൽ ആദ്യം ഉന്നയിച്ചത് പി ജയരാജൻ. അന്ന് പാര്‍ട്ടി പൊതിഞ്ഞു പിടിച്ചെങ്കിലും തെരഞ്ഞെടുപ്പ് അവലോകനത്തിന് എത്തിയ പിജെ പ്രശ്നം വിട്ടില്ല. പാര്‍ട്ടി രീതിയിൽ നിന്ന് വ്യതിചലിച്ചുള്ള ഇടതുമുന്നണി കൺവീനറുടെ നിലപാടുകളിൽ കടുത്ത വിമര്‍ശനം. പാര്‍ട്ടി വേദിയിൽ ഉന്നയിച്ച ആക്ഷേപത്തിന് ഇതുവരെ മറുപടി കിട്ടിയില്ലെന്ന് നേതൃത്വത്തിനെതിരെ തുറന്നടിച്ച പി ജയരാജൻ ഇപിയുടെ ദല്ലാൾ ബന്ധവും ജാവേദ്കര്‍ കൂടിക്കാഴ്ചയും എല്ലാമെടുത്ത് പുറത്തിട്ടു. മുന്നണി നേതൃത്വമെന്ന വലിയ പദവിക്ക് ചേരുന്നതല്ല കൺവീനറുടെ ഇടപെടുലുകളെന്ന പൊതു വിമര്‍ശനം കണക്കിലെടുക്കാതെ ഇനി മുന്നോട്ട് പോകാനാകില്ലെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്.
തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യ.മന്ത്രിക്കെതിരായ വിമര്‍ശനങ്ങളെ മുഖവിലക്ക് എടുക്കാത്ത എംവി ഗോവിന്ദൻ പക്ഷെ ഇപിക്കെതിരെ നടപടി സൂചനയും നൽകുന്നുണ്ട്. ബിജെപി ബന്ധവും തെരഞ്ഞെടുപ്പ് ദിവസം അതിൽ നൽകിയ വിശദീകരണവും തിരിച്ചടിക്ക് ആക്കം കൂട്ടിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ