അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി തുടരും. സര്‍വകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം അല്ലെന്ന മുന്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഒരു സ്ഥാപനം ന്യൂനപക്ഷ സ്ഥാപനമാകാന്‍ അത് സ്ഥാപിച്ചത് ന്യൂനപക്ഷമായാല്‍ മതിയെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിധി. അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് തീരുമാനം. ഹൈക്കോടതി വിധി പുറത്തുവന്ന് 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുപ്രിംകോടതി വാദം കേട്ട് തീരുമാനമെടുക്കുന്നത്.
പാര്‍ലമെന്റോ നിയമസഭകളോ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിതമായ സര്‍വകലാശാലകള്‍ക്ക് ന്യൂനപക്ഷ സ്ഥാപനം എന്ന പദവി നല്‍കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല എന്ന 1967ലെ അസീസ് ബാഷ കേസിലെ വിധിയാണ് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് അസാധുവാക്കിയത്. ന്യൂനപക്ഷ സ്ഥാപനമാകണമെങ്കില്‍ അത് ന്യൂനപക്ഷ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചാല്‍ മതിയെന്നും ന്യൂനപക്ഷ അംഗങ്ങള്‍ ഭരിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് വിധിയില്‍ പറഞ്ഞു. ഭരണഘടന നിലവില്‍ വരുന്നതിനു മുന്‍പ് സ്ഥാപിതമായതിനാല്‍ ന്യൂനപക്ഷ പദവി നല്‍കരുതെന്ന കേന്ദ്രവാദത്തെയും വിധിയില്‍ എതിര്‍ത്തു. ഭരണഘടന നിലവില്‍ വരുന്നതിനു മുന്‍പ് സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആര്‍ട്ടിക്കിള്‍ 30 ബാധകമാകും എന്നും ഭരണഘടന ബെഞ്ച് നീരീക്ഷിച്ചു. അലിഗഡ് മുസ്ലിം സര്‍വകലാശാല സ്ഥാപിച്ചത് ന്യൂനപക്ഷമാണോ അല്ലയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പുതിയ ബെഞ്ച് രൂപീകരിക്കും. ഈ വിഷയത്തിലെ വസ്തുത നിര്‍ണയം പുതിയ ബെഞ്ച് നടത്തും. അത് വരെ പദവി തുടരുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ 7 അംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. ബെഞ്ചിലെ നാല് അംഗങ്ങള്‍ ഉത്തരവിന് അനുകൂലമായിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ വിധിയെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരാണ് പിന്തുണച്ചത്. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ദിപാങ്കര്‍ ദത്ത, എസ്.സി. ശര്‍മ്മ എന്നിവര്‍ ഭിന്നവിധി എഴുതി.