രാവിലെ അലാറം കേട്ടാല്‍ മാത്രം ഉണരുന്ന ശീലം നമ്മളില്‍ പലര്‍ക്കും ഉണ്ട്. എന്നാല്‍ ഈ ശീലം നമ്മുടെ രക്ത സമ്മര്‍ദ്ദം കൂട്ടുമെന്നും ഏഴുമണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്നത് ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നെന്നും കണ്ടെത്തിയിരിക്കുകയാണ് ഹൈദരാബാദ് അപ്പോളോ ഹോസ്പിറ്റല്‍സിലെ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ സുധീര്‍ കുമാര്‍. അലാറമില്ലാതെ ഉണരുന്നവരെ അപേക്ഷിച്ച് അലാറം കേട്ട് ഉണരുന്നവരുടെ രക്തസമ്മര്‍ദ്ദത്തില്‍ 74 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായി യുഎസിലെ യുവിഎ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ഉച്ചത്തിലുള്ള അലാറം ഉറക്കം തടസ്സപ്പെടുത്തി പരിഭ്രാന്തിയും ഉത്കണ്ഠയും ഉണ്ടാക്കുകയും ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് (സ്‌ട്രെസ് ഹോര്‍മോണ്‍) വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇതുകാരണം ഒരു ദിവസം ആരംഭിക്കുമ്പോള്‍ തന്നെ ക്ഷോഭം, ഉത്കണ്ഠ, ദേഷ്യം, എന്നിവ നമുക്ക് അനുഭവപ്പെടുമെന്ന് മുംബൈയിലെ ഇന്റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മഞ്ജുഷ അഗര്‍വാള്‍ നടത്തിയ പഠനത്തില്‍ പറയുന്നു. നിരവധി പഠനങ്ങളാണ് ഈ വിഷയത്തെ ആസ്പദമാക്കി നടന്നിട്ടുള്ളത്.
- പതിവായി അലാറം ഉപയോഗിക്കുന്നത് ഒഴിവാക്കി കൃത്യം 7-8 മണിക്കൂറായി ഉറങ്ങാന്‍ ശീലിക്കുക.
- രാവിലെ സൂര്യപ്രകാശം മുറിയിലേക്ക് കടത്തിവിടുക, ഇത് തലച്ചോറിലെ മെലറ്റോണിന്‍ (സ്ലീപ്പ് ഹോര്‍മോണ്‍) ഉത്പാദനം കുറച്ച് സ്വാഭാവികമായി ഉണരാന്‍ സഹായിക്കുന്നു.
- സ്ഥിരമായി ഒരേ സമയത്ത് ഉറങ്ങാന്‍ ശീലിക്കണം.
- കേള്‍ക്കാന്‍ ഇമ്പമുള്ളതും ശാന്തവുമായ മ്യൂസിക് അലാറമായി സെറ്റ് ചെയുക.
എല്ലാ ദിവസവും ഒരേ സമയത്ത് ഉണരുന്നതിലൂടെ സ്ലീപ്പിങ് സൈക്കിള്‍ നോര്‍മല്‍ ആവുകയും, ഒരു വേക്കപ്പ് കോളോ അലാറമോ ഇല്ലാതെ നമ്മള്‍ തനിയെ ഉണരാന്‍ തുടങ്ങുകയും ചെയ്യും. പിന്നീടിത് നമ്മുടെ ദിനചര്യയായി മാറി കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ ഉറക്കമുണരുന്നതിന് സഹായിക്കുമെന്ന് ഡോ. അഗര്‍വാള്‍ അഭിപ്രായപ്പെടുന്നു.