ഹമാസ് തലവൻ യഹ്യ സിൻവറിൻ്റെ അന്ത്യ നിമിഷങ്ങൾ പകർത്തിയ ഡ്രോൺ ദൃശ്യം പുറത്തുവിട്ട് ഇസ്രയേൽ സൈന്യം. നിരായുധനായി തകർന്ന കെട്ടിടത്തിനകത്ത് സോഫയിൽ ഇരിക്കുന്ന മുഖംമൂടി ധരിച്ച ഒരാൾ തൻ്റെ ദൃശ്യം പകർത്തുന്ന ഡ്രോണിന് നേരെ കൈയ്യിൽ കരുതിയിരുന്ന വടി എറിയുന്നതാണ് വീഡിയോ ദൃശ്യം. സിൻവർ കൊല്ലപ്പെട്ട് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ ദൃശ്യം ഇസ്രയേൽ പുറത്തുവിട്ടത്.
കൊല്ലപ്പെട്ടെന്ന ഇസ്രയേൽ വാദം ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. പലസ്തീനിലെ ഖാൻ യൂനിസ് അഭയാർത്ഥി ക്യാംപിൽ ജനിച്ച സിൻവർ യുദ്ധത്തടവുകാരനായി നീണ്ട കാലം ഇസ്രയേലിലെ ജയിലിലാണ് കഴിച്ചുകൂട്ടിയത്. പിന്നീട് സ്വതന്ത്രനായ ശേഷം തിരികെ പലസ്തീനിലെത്തിയ ഇയാൾ 2017 ൽ ഹമാസിൻ്റെ ഗാസയിലെ നേതാവായി. ഗാസയിൽ കർശനമായ നിയമപാലനം നടപ്പാക്കിയ ശേഷമാണ് സിൻവർ ലോകത്തെ ഞെട്ടിച്ച ഹമാസ് നീക്കത്തിൻ്റെ ആണിക്കല്ലായത്. ഇസ്രയേലിൽ കഴിഞ്ഞ വർഷം ഹമാസ് നടത്തിയ അധിനിവേശ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെടുകയും 250 ഓളം പേർ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. ഇതിൻ്റെ സൂത്രധാരനെന്ന് വിശേഷിക്കപ്പെട്ട യഹ്യ സിൻവറിനെ ഒരു വർഷത്തോളം കഴിഞ്ഞാണ് ഇസ്രയേലിന് ഇല്ലാതാക്കാനായത്.