കുംഭമേളയ്‌ക്കായി സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ . അടുത്ത വർഷം ജനുവരിയിൽ പ്രയാഗ്‌രാജിലാണ് മഹാ കുംഭമേള നടക്കുക . ഈ അവസരത്തിൽ രാജ്യത്തുടനീളം 992 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.2025 ജനുവരി 12 മുതൽ ആരംഭിക്കുന്ന കുംഭമേളയിൽ 50 കോടി ഭക്തർ പങ്കെടുക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
2025-ൽ യുപിയിലെ പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയിൽ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ആളുകൾ എത്തും, അത്തരമൊരു സാഹചര്യത്തിലാണ് കൂടുതൽ ട്രെയിൻ സർവീസുകൾ നടത്തുന്നത്. അടിസ്ഥാന സൗകര്യവികസനത്തിനും മറ്റ് സൗകര്യങ്ങൾക്കുമായി 933 കോടി രൂപയാണ് റെയിൽവേ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. എല്ലാ തീർഥാടകർക്കും സുരക്ഷിതവും കാര്യക്ഷമവുമായ യാത്രാനുഭവം നൽകാനാണ് റെയിൽവേ ശ്രമിക്കുന്നതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
2019 കുംഭമേളയിൽ ഏകദേശം 24 കോടി ആളുകൾ പങ്കെടുത്തു. ഈ കണക്കുകൾ പരിഗണിച്ചാണ് 2025 ൽ ട്രെയിൻ സർവീസുകൾ കൂട്ടുന്നത് . ഇത് കൂടാതെ സ്റ്റേഷൻ വളപ്പിലെ റോഡ് അറ്റകുറ്റപ്പണികൾ, സിസിടിവി ക്യാമറകൾ, അധിക താമസ യൂണിറ്റുകൾ, കാത്തിരിപ്പ് മുറികൾ, മെഡിക്കൽ ആവശ്യങ്ങൾ എന്നിവയ്‌ക്കായി 495 കോടി രൂപയും അനുവദിച്ചു.
പ്രയാഗ്‌രാജ് ഡിവിഷനിലും പരിസര പ്രദേശങ്ങളിലും 3700 കോടി രൂപ ചെലവിൽ റെയിൽവേ ട്രാക്കുകൾ ഇരട്ടിപ്പിക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ മന്ത്രാലയം. കുംഭമേള സമയത്ത് തീവണ്ടികളുടെ സുഗമമായ സഞ്ചാരമാണ് റെയിൽവേ ട്രാക്ക് സ്ഥാപിക്കുന്നതിന്റെ ലക്ഷ്യമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.