സംഘടനയില്‍ ചേരുന്നത് ഔദ്യോഗികമായി അറിയിക്കുമെന്നും അതുവരെ തന്‍റെ പേരില്‍ പ്രചരിക്കുന്ന ഒന്നും തന്‍റെ അറിവോടെ അല്ലെന്നും ലിജോ ജോസ്.
മലയാള സിനിമയിലെ പുതിയ സംഘടനയാണ് പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയാണിത്. പ്രഖ്യാപനത്തിന് പിന്നാലെ പിന്തുണ അറിയിച്ച് ഏതാനും ചിലര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ആഷിക്ക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കുന്നത് എന്നായിരുന്നു വിവരം. എന്നാല്‍ സംഘടനയില്‍ നിലവില്‍ താന്‍ ഭാഗമല്ലന്ന് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി.
നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നുവെന്നും ആ കൂട്ടായ്മയുടെ ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. സംഘടനയില്‍ ചേരുന്നത് ഔദ്യോഗികമായി അറിയിക്കുമെന്നും അതുവരെ തന്‍റെ പേരില്‍ പ്രചരിക്കുന്ന ഒന്നും തന്‍റെ അറിവോടെ അല്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി അറിയിച്ചു.
“മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല. ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല”, എന്നായിരുന്നു ലിജോ ജോസിന്‍റെ വാക്കുകള്‍.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രണ്ട് ദിവസം മുന്‍പാണ് മലയാള സിനിമയില്‍ പുതിയ സംഘടന വരുന്നുവെന്ന തരത്തില്‍ പ്രസ്താവന വന്നത്. ഇത് വലിയ തോതില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. മലയാള സിനിമയില്‍ പുത്തൻ സിനിമ സംസ്കാരം രൂപീകരിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു. പിന്നാലെ സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സംവിധായകൻ വിനയൻ രംഗത്ത് എത്തുകയും ചെയ്തിരുന്നു.