തിരുവനന്തപുരം നഗരത്തിലെ മഴയെ തുടർന്നുണ്ടായ രൂക്ഷ വെള്ളക്കെട്ടിൽ കോർപ്പറേഷൻ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച. കോർപ്പറേഷനിൽ താത്കാലിക ശുചീകരണ തൊഴിലാളികൾക്കായി അഞ്ച് ദിവസം മുമ്പാണ് അപേക്ഷ ക്ഷണിച്ചത് എന്ന വിവരം പുറത്തുവന്നു. ഓടകളിൽ പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നഗരസഭയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമം അല്ല.തിരുവനന്തപുരം നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ ആകെ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്.
നഗരത്തിന്റെ പ്രധാന ഇടങ്ങളായ തമ്പാനൂർ, വഞ്ചിയൂർ, ചാല എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. തമ്പാനൂർ ഉൾപ്പെടെയുള്ള മേഖലകൾ വെള്ളത്തിൽ മുങ്ങി. കടകളിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും കനത്ത വെള്ളക്കെട്ടുണ്ടായി.റോഡുപകൾ വെള്ളത്തിൽ മുങ്ങിയതോടെ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായത്.വെള്ളം കയറി നിരവധി ഇരുചക്രവാഹനങ്ങൾക്ക് കേടുപാടുണ്ടായി.
അതേസമയം, ജില്ലാ ഭരണകൂടം സ്റ്റേഷനിൽ എത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് സിപിഐഎം നേതാക്കളായ വി ശിവൻകുട്ടിയും വി കെ പ്രശാന്തും. കോർപ്പറേഷൻ സെക്രട്ടറി, അല്ലെങ്കിൽ ജില്ലാ കളക്ടർ ഇവരിൽ ഒരാൾ വരണമെന്നാണ് ആവശ്യം.








