ഷൂട്ടിംഗില്‍ മിക്‌സഡ് സ്‌കീറ്റ് ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് ഒരു പോയിന്‍റ് അകലത്തില്‍ വെങ്കല മെഡല്‍ നഷ്‌ടമായി
പാരിസ് ഒളിംപിക്‌സില്‍ പത്താം ദിനം ഇന്ത്യക്ക് കനത്ത നിരാശ. രണ്ട് വെങ്കല മെഡലുകള്‍ക്ക് അരികിലെത്തിയ ശേഷം ഇന്ത്യന്‍ താരങ്ങള്‍ തോല്‍ക്കുന്നതിന് ഗെയിംസ് ഇന്ന് സാക്ഷികളായി. താരങ്ങളുടെ പരിക്കാണ് 10-ാം ദിനം മറ്റൊരു സങ്കട വാര്‍ത്ത. ഇന്ന് നടന്ന മത്സരങ്ങളും അവയുടെ ഫലങ്ങളും വിശദമായി അറിയാം.
പുരുഷ സിംഗിള്‍സ് ബാഡ്‌മിന്‍റണില്‍ ലക്ഷ്യ സെന്‍ വെങ്കല മെഡല്‍ നേടാതിരുന്നതാണ് പത്താം ദിനത്തിലെ ഏറ്റവും വലിയ നിരാശ. വെങ്കല മെഡല്‍ പോരാട്ടത്തില്‍ മലേഷ്യയുടെ ലീ സീ ജായെ ആദ്യ ഗെയിമില്‍ മുട്ടുകുത്തിച്ചെങ്കിലും പരിക്ക് വലച്ചതിനെ തുടര്‍ന്ന് അടുത്ത രണ്ട് ഗെയിമുകളും കൈവിട്ട് ലക്ഷ്യ അടിയറവുപറയുകയായിരുന്നു. സ്കോര്‍: 21-13, 16-21, 11-21. എങ്കിലും ഒളിംപിക്‌സ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ പുരുഷ ബാഡ‌്‌മിന്‍റണ്‍ താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് ലക്ഷ്യയുടെ മടക്കം.
വനിതാ ഗുസ്‍തിയിലെ 68 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയുടെ നിഷ ദഹിയ കണ്ണീരോടെ പുറത്തായി. ക്വാര്‍ട്ടറില്‍ ഉത്തര കൊറിയയുടെ സോള്‍ ഗം പാകിനെതിരെ 8-2ന് മുന്നിട്ടുനിന്ന ശേഷം കൈവിരലിനും തോളെല്ലിനും പരിക്കേറ്റതിനും തുടര്‍ന്ന് ഇന്ത്യന്‍ താരം 8-10ന് മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. കണ്ണീരോടെയാണ് പരിശീലകര്‍ക്കൊപ്പം നിഷ ദഹിയ കളം വിട്ടത്. മത്സരത്തിനിടെ താരം മെഡിക്കല്‍ സഹായം തേടിയിരുന്നു. നേരത്തെ പ്രീ ക്വാര്‍ട്ടറില്‍ യുക്രൈന്‍ താരം ടെറ്റിയാന റിഷ്‌കോയ്‌ക്കെതിരെ 6-4ന്‍റെ ജയവുമായാണ് നിഷ ദഹിയ ക്വാര്‍ട്ടറിലെത്തിയത്.
ഷൂട്ടിംഗില്‍ മിക്‌സഡ് സ്‌കീറ്റ് ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് തലനാരിഴയ്ക്ക് വെങ്കല മെഡല്‍ നഷ്‌ടമായി. വെറും ഒരു പോയിന്‍റിനാണ് ഇന്ത്യയുടെ തോല്‍വി. വെങ്കലപ്പോരാട്ടത്തില്‍ മഹേശ്വരി ചൗഹാനും ആനന്ദ്‌ജീത് സിംഗ് നാരുകയും ചൈനീസ് ജോഡിയോട് 44-43ന് തോറ്റു. സ്കോര്‍: ചൈന-44/48, ഇന്ത്യ- 43/48. ഈയിനത്തില്‍ നാലാം സ്ഥാനം കൊണ്ട് ഇന്ത്യന്‍ ടീമിന് തൃപ്തിപ്പെടേണ്ടിവന്നു. നേരത്തെ, ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ 146/150 പോയിന്‍റുകളുമായാണ് മഹേശ്വരി ചൗഹാനും ആനന്ദ്‌ജീത് സിംഗും വെങ്കല മെഡല്‍ പോരാട്ടത്തിനെത്തിയത്.
അതേസമയം ടേബിള്‍ ടെന്നീസില്‍ വനിതകളുടെ ടീം ഇനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത് ആശ്വാസമായി. പ്രീ ക്വാര്‍ട്ടറില്‍ സൂപ്പര്‍ താരം മണിക ബത്ര, ശ്രീജ അകുല, അര്‍ച്ചന കാമത്ത് എന്നിവരടങ്ങുന്ന സംഘമാണ് ലോക നാലാം സീഡായ റൊമാനിയയെ തോല്‍പിച്ച് അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചത്. 3-2നാണ് ഇന്ത്യന്‍ വനിതാ ടീം മത്സരങ്ങള്‍ സ്വന്തമാക്കിയത്. ആദ്യമായാണ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ വനിതാ ടീം ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. രണ്ട് മത്സരങ്ങള്‍ തൂത്തുവാരിയ മണിക ബത്രയുടെ ഐതിഹാസിക പ്രകടനത്തിലാണ് ഇന്ത്യന്‍ വനിതകളുടെ കുതിപ്പ്. നാളെയാണ് ക്വാര്‍ട്ടര്‍ പോരാട്ടം.