കൊച്ചി: സ്വകാര്യ ബസുകളിൽ MVD യുടെ മിന്നൽ പരിശോധന, 382 വാഹങ്ങൾക്കെതിരെ നടപടി. 241344 രൂപ പിഴ ഈടാക്കി. പിസിസി, സ്പീഡ് ഗവർണർ എന്നിവ കേന്ദ്രികരിച്ചാണ് പരിശോധന. പിസിസി ഇല്ലാതെ ജീവനക്കാരുള്ള ബസുകൾക്കെതിരെ നടപടിക്ക് ശിപാർശ. സ്പീഡ് ഗവർണർ ഇല്ലാത്തതിന് 28 കേസുകൾ രജിസ്റ്റർ ചെയ്തു.
കണ്ടക്ടർ ലൈസൻസ് ഇല്ലാത്തതിന് 89 കേസുകൾ രജിസ്റ്റർ ചെയ്തു. ഡോർ ഷട്ടറുകൾ തുറന്നിട്ട സർവീസ് നടത്തിയതിന് 55 കേസുകൾ. ജിപിഎസ് സംവിധാനം പ്രവർത്തിക്കാത്തതിന് 31 കേസുകൾ. ബ്ലൈൻഡ് സ്പോട്ട് മിറർ ഇല്ലാത്തതിന് 31 കേസുകൾ. അമിതവേഗത്തിന് ഒമ്പത് കേസുകൾ. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 7 കേസുകളും രജിസ്റ്റർ ചെയ്തു. ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ച 14 കേസുകളും രജിസ്റ്റർ ചെയ്തു. സ്പീഡ് ഗവർണർ അഴിച്ചുമാറ്റിയ 28 വാഹനങ്ങൾ സർവീസ് നടത്താനും നിർദ്ദേശം നൽകി.
അതേസമയം കൊച്ചിയിൽ ഇരുചക്ര വാഹനത്തിലെ അഞ്ചുപേരുടെ യാത്രയിലും മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. സ്കൂട്ടർ ഓടിച്ച യുവാവിൻ്റെ ലൈസൻസ് താൽക്കാലികമായി റദ്ദു ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു.
തൃക്കാക്കരയിലെ സ്വകാര്യ കോളജ് വിദ്യാർഥികളായ 5 പേരെയും ആർടി ഓഫിസിൽ വിളിച്ചു വരുത്തി. വിദ്യാർത്ഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകി.
രണ്ടിൽ കൂടുതൽ പേരെ സ്കൂട്ടറിൽ കയറ്റിയതിനു ഉടമ 1,000 രൂപയും ഹെൽമറ്റ് ധരിക്കാതിരുന്ന മൂന്നു പേർ 500 രൂപ വീതവും പിഴ അടയ്ക്കണം. 5 വിദ്യാർത്ഥികളും രക്ഷിതാക്കളും ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കണം.
രണ്ട് ദിവസം മുൻപാണ് തൃക്കാക്കര പൈപ്പ് ലൈൻ റോഡിലൂടെ ഒരു സ്കൂട്ടറിൽ 5 വിദ്യാർത്ഥികൾ ഒരുമിച്ചു യാത്ര ചെയ്തത്. മൂന്ന് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും ഉൾപ്പെടെ അഞ്ചംഗസംഘത്തിൻ്റെയാത്ര ശ്രദ്ധയിൽപ്പെട്ടവർ ദൃശ്യം പകർത്തി മോട്ടോർ വാഹന വകുപ്പിന് അയച്ചു കൊടുക്കുകയായിരുന്നു.






