തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ എംഎസ്എഫ്-ലീഗ് സംഘർഷത്തിൽ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. അധികാരത്തിൻ്റെ തണലിൽ എംഎസ്എഫ് തനി ഭീകരവാദ പ്രസ്ഥാനമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റിന്റെ പ്രതികരണം.
ആർഎസ്എസ്, വിഎച്ച്പി, ഗോരക്ഷക് സേന, എൻഡിഎഫ്, ക്യാമ്പസ് ഫ്രണ്ട്, എസ്ഡിപിഐ എന്നി സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടേണ്ട പ്രസ്ഥാനമാണ് എംഎസ്എഫ് എന്ന് എം ശിവപ്രസാദ് കുറിച്ചു. അധികാരത്തിനു വേണ്ടി എന്തുചെയ്യാനും മടിയില്ലാത്ത, അത് നഷ്ടപ്പെട്ടാൽ ഭ്രാന്ത് ഇളകുന്ന ഈ ഭീകരവാദികളെ ഒറ്റപ്പെടുത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.
പോസ്റ്റിന്റെ പൂർണരൂപം:
അധികാരത്തിൻ്റെ തണലിൽ MSF തനി ഭീകരവാദ പ്രസ്ഥാനമായി മാറിയിരിക്കുന്നു! RSS, VHP, ഗോരക്ഷക് സേന, NDF, ക്യാമ്പസ് ഫ്രണ്ട്, SDPI …ഈ പട്ടികയിൽ ഉൾപ്പെടേണ്ട പ്രസ്ഥാനമാണ് MSF. അധികാരം പിടിക്കാൻ മതത്തെ ഉപയോഗിക്കുകയും, അത് കിട്ടിയിലെങ്കിൽ ഭീകരമായി എതിരാളികളെ അക്രമിക്കുകയും, വിമർശനം ഉയരുമ്പോൾ മതത്തെ കവചമായി ഉപയോഗിക്കുകയും ചെയുന്ന ഈ കൂട്ടമാണ് ഇന്ന് ക്യാമ്പസുകളിലെ സമാധാന അന്തരീക്ഷത്തിൻ്റെ അന്ധകർ.മലപ്പുറം ജില്ലയിൽ എസ്എഫ്ഐ ഉണ്ടായ മുന്നേറ്റം കണ്ട് വിരളി പൂണ്ട് ജില്ലാ ഭാരവാഹികൾ തന്നെ ഇല്ലാതാക്കണമെന്ന് ഉദ്ദേശത്തോടുകൂടിയാണ് ഇപ്പോൾ ഈ ഭീകരവാദികൾ അക്രമം അഴിച്ചുവിടുന്നത്. അധികാരത്തിനു വേണ്ടി എന്തുചെയ്യാനും മടിയില്ലാത്ത, അത് നഷ്ടപ്പെട്ടാൽ ഭ്രാന്ത് ഇളകുന്ന ഈ ഭീകരവാദികളെ ഒറ്റപെടുത്തുക!






