ഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (CJP) സഹ-കൺവീനർ സൗരവ് ദാസ്, തന്റെ വാട്‌സ്ആപ്പ് അക്കൗണ്ടിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ആരോപിച്ചു. ഇതിനെത്തുടർന്ന് തനിക്ക് പുതിയ സന്ദേശങ്ങൾ അയക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ‘എക്‌സ്’ പ്ലാറ്റ്‌ഫോമിലൂടെയാണ് സൗരവ് ദാസ് ഇക്കാര്യം അറിയിച്ചത്.
എന്റെ വാട്‌സ്ആപ്പ് അക്കൗണ്ടിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു, അതിനാൽ എനിക്ക് പുതിയ സന്ദേശങ്ങളൊന്നും അയക്കാൻ കഴിയുന്നില്ല. തൻ്റെ വാട്സ്ആപ്പ് അക്കൗണ്ട് റെസ്ട്രിക്റ്റട് ആണ്. ആർക്കും സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നില്ല. എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമല്ലെന്നും സൗരവ് പറയുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് തന്റെ വാട്‌സാപ്പ് നിയന്ത്രിക്കപ്പെട്ടതായി ദാസ് ആരോപിക്കുന്നത്.
ഒക്ടോബർ 22-ന്, തന്റെ വാട്‌സാപ്പ് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടതായി ദാസ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. എക്‌സിൽ പങ്കുവെച്ച മറ്റൊരു കുറിപ്പിൽ, ആരുടെ നിർദ്ദേശപ്രകാരമാണ് ഈ നടപടി സ്വീകരിച്ചതെന്ന് ദാസ് വാട്സാപ്പിനോട് ചോദിച്ചു. ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന സി.ജെ.പിയുടെ എക്സ് അക്കൗണ്ടും ഈ ആരോപണം ഉന്നയിക്കുകയും, മെറ്റ തങ്ങളുടെ വാട്സാപ്പ് അക്കൗണ്ടുകൾ തടയുകയാണോ എന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു.







